കെ എം ഷാജിയുടെ കോഴക്കേസ്: 25 ലക്ഷം കൊടുത്തവരും കുടുങ്ങും

കെ എം ഷാജിയുടെ കോഴക്കേസ്: 25 ലക്ഷം കൊടുത്തവരും കുടുങ്ങും

മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ പണം കൊടുത്തവരും കുടുങ്ങും. അഴീക്കോട് സ്‌കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കുന്നതിൽ കെ എം ഷാജി 25 ലക്ഷം രൂപ വാങ്ങിയതാണ് കേസിന് ആധാരം.

നിയമനത്തിന് കോഴ നൽകിയ അധ്യാപകൻ, വാങ്ങിയ മാനേജ്‌മെന്റ്, മാനേജ്‌മെന്റിൽ നിന്ന് ഈ പണം അടിച്ചുമാറ്റിയ എംഎൽഎ, കോഴ്‌സ് അനുവദിപ്പിക്കാൻ സ്വാധീനം ചെലുത്തിയ മുസ്ലീം ലീഗിന്റെ പ്രാദേശിക നേതൃത്വം എല്ലാവരും വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരും.

നേരത്ത ഷാജിക്കെതിരെ വിജിലൻസ് എഫ് ഐ ആർ സമർപ്പിച്ചിരുന്നു. ഇയാൾ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നതിന് പ്രാഥമിക അന്വേഷണത്തിൽ നിന്നു തന്നെ വ്യക്തമായതായാണ് വിജിലൻസ് പറയുന്നത്. അഴിമതി നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

കെ എം ഷാജിക്ക് മാനേജ്‌മെന്റ് നൽകിയ 25 ലക്ഷത്തിന്റെ ഉറവിടവും മാനേജ്‌മെന്റ് വെളിപ്പെടുത്തണം. എന്നാൽ പണം നൽകിയിട്ടില്ലെന്നാണ് മാനേജ്‌മെന്റ് ഇപ്പോൾ പറയുന്നത്. 2014ൽ സ്‌കൂളിന് പ്ലസ് ടു അനുവദിച്ച് കിട്ടിയപ്പോൾ മാനേജ്‌മെന്റ് പ്രാദേശിക ലീഗ് നേതൃത്വത്തിന് പണം നൽകാൻ തുനിഞ്ഞു. എന്നാൽ കെ എം ഷാജി ഇതിൽ നിന്നും അവരെ പിന്തിരിപ്പിച്ചു. പ്രാദേശിക നേതൃത്വത്തെ പറ്റിച്ച് ഷാജി ഈ പണം നേരിട്ട് വാങ്ങിയെന്നാണ് ലീഗ് നേതാവ് നൗഷാദ് പൂതപ്പാറ നൽകിയ പരാതി.

നൗഷാദ് പൂതപ്പാറ സംസ്ഥാന ലീഗ് നേതൃത്വത്തിന് നൽകിയ കത്തിന്റെ കോപ്പി സഹിതം സിപിഎം നേതാവ് പത്മനാഭൻ 2017ൽ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. കോഴസംഭവം പുറത്തുവിട്ടതോടെ നൗഷാദ് പൂതപ്പാറയെ ലീഗിൽ നിന്ന് പുറത്താക്കിയിരുന്നു.

Share this story