കൊവിഡ് ആശങ്കകൾക്കിടയിൽ വയനാട്ടില്‍ കുരങ്ങുപനി ഭീതി

കൊവിഡ് ആശങ്കകൾക്കിടയിൽ വയനാട്ടില്‍ കുരങ്ങുപനി ഭീതി

കൊവിഡ് ആശങ്ക നിലനില്‍ക്കെ വയനാട്ടില്‍ കുരങ്ങുപനി ഭീതി. ജില്ലയില്‍ നാല് പേര്‍ കൂടി കുരങ്ങുപനി ലക്ഷണങ്ങളോടെ ചികിത്സതേടി. മുന്‍കരുതലിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയെ സ്‌പെഷ്യല്‍ കുരങ്ങുപനി കെയര്‍ സെന്ററായി മാറ്റി.

ഈ വര്‍ഷം നാല് മാസം ആകുമ്പോഴേക്കും 16 പേര്‍ക്കാണ് ജില്ലയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മരണപ്പെട്ടു. തിരുനെല്ലി അപ്പപ്പാറ മേഖലയിലായിരുന്നു രോഗികള്‍ അതികവും. ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ രീതിയില്‍ കുരങ്ങുപനി ഭീതി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്‍കരുതലിന്റെ ഭാഗമായി ബത്തേരി താലൂക്കാശുപത്രി ജില്ലാ കുരങ്ങുപനി കെയര്‍ സെന്ററാക്കി മാറ്റിയത്. ഡോ. കര്‍ണ്ണന്‍ സെന്ററിലെ നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കും.

നിലവില്‍ നാല് പേര്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ജില്ലയില്‍ ചികിത്സയിലുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. കുരങ്ങുപനിക്കെതിരായ വാക്‌സിനേഷനും ബോധവല്‍ക്കരണനടപടികളും സജീവമായി പുരോഗമിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് 19 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 10 പേർ കണ്ണൂർ ജില്ലക്കാരാണ്. പാലക്കാട് 4 കാസർഗോഡ് മൂന്ന്, മലപ്പുറം, കൊല്ലം ജില്ലകളിൽ ഒന്നു വീതം എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്. 16 പേർക്കാണ് ഇന്ന് അസുഖം നെഗറ്റീവായത്. കണ്ണൂർ-7, കാസർഗോഡ്-4, കോഴിക്കോട്-4, തിരുവനന്തപുരം-3 എന്നിങ്ങനെയാണ് അസുഖം ഭേദമായത്.

Share this story