കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഹൗസ് സർജൻമാർക്ക് കൊവിഡ്; പരിശോധിച്ച ഡോക്ടർമാരും നിരീക്ഷണത്തിൽ

കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഹൗസ് സർജൻമാർക്ക് കൊവിഡ്; പരിശോധിച്ച ഡോക്ടർമാരും നിരീക്ഷണത്തിൽ

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ട് ഹൗസ് സർജൻമാർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. മാർച്ചിൽ ഡൽഹിയിൽ വിനോദയാത്രക്ക് പോയി വന്നവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച ട്രെയിനിലാണ് ഇവർ മടങ്ങി വന്നത്. ഹൗസ് സർജൻമാരെ പരിശോധന നടത്തിയ ആറ് മെഡിക്കൽ കോളജ് അധ്യാപകരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോഴും രോഗം പലയിടങ്ങളിലും വ്യാപിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്നലെ 19 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പത്ത് പേരും കണ്ണൂർ ജില്ലയിൽ നിന്നുള്ളവരായിരുന്നു. പാലക്കാട് ജില്ലയിൽ നാല് പേർക്കും കാസർകോട് ജില്ലയിൽ മൂന്ന് പേർക്കും കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്

കണ്ണൂരിൽ ഒരു കുടുംബത്തിലെ പത്ത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. കൊല്ലത്തെ രോഗി തമിഴ്‌നാട്ടിലേക്ക് പോലീസിനെ വെട്ടിച്ചു കടക്കുകയും അവിടെ നിന്ന് രോഗം ബാധിക്കുകയുമായിരുന്നു. ഇയാൾ പതിനഞ്ചോളം പേരുമായി നേരിട്ട് ഇടപഴകിയിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ. ജാഗ്രത കൂടുതൽ ശക്തമാക്കണമെന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Share this story