സ്പ്രിംഗ്ലർ കരാറിൽ അതൃപ്തി അറിയിച്ച് കാനം കോടിയേരിയെ നേരിട്ട് കണ്ടു

സ്പ്രിംഗ്ലർ കരാറിൽ അതൃപ്തി അറിയിച്ച് കാനം കോടിയേരിയെ നേരിട്ട് കണ്ടു

സ്പ്രിംഗ്ലറുമായി ഉണ്ടാക്കിയ ഡാറ്റ കൈമാറ്റ കരാറിൽ സിപിഐക്ക് അതൃപ്തി. കരാറിൽ അവ്യക്തതയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയെ അറിയിച്ചു. എ കെ ജി സെന്ററിലെത്തിയാണ് കാനം കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയത്.

അതൃപ്തി കടുത്ത സാഹചര്യത്തിൽ ഐടി സെക്രട്ടറി എം ശിവശങ്കർ സിപിഐ ആസ്ഥാനത്ത് എത്തിയിരുന്നു. ഇന്നലെ രാവിലെയാണ് ഐടി സെക്രട്ടറി എംഎൻ സ്മാരകത്തിലെത്തി കാര്യങ്ങൾ വിശദീകരിച്ചത്. എന്നാൽ സിപിഐയുടെ അതൃപ്തി തുടരുകയാണ്. കരാർ വിശദാംശങ്ങൾ മന്ത്രിസഭ ചർച്ച ചെയ്തില്ലെന്നാണ് കാനം ചൂണ്ടിക്കാണിക്കുന്നത്.

നിയമനടപടികൾ അമേരിക്കയിലാക്കിയതിലും അതൃപ്തിയുണ്ട്. ഇടപാട് സംബന്ധിച്ച പരിശോധന നടത്താൻ നിയോഗിച്ച രണ്ടംഗ സമിതിയോടും സിപിഐക്ക് വിയോജിപ്പുണ്ട്. മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തിരുന്നുവെങ്കിൽ സിപിഐ മന്ത്രിമാർക്ക് ഇക്കാര്യത്തിലെ നിലപാട് രേഖപ്പെടുത്താമായിരുന്നുവെന്ന് കാനം കോടിയേരിയെ അറിയിച്ചു.

അതേസമയം പരസ്യ നിലപാട് എടുക്കാൻ പാർട്ടിയില്ലെന്നും കാനം പറഞ്ഞു. സംസ്ഥാനം ഒറ്റക്കെട്ടായി കൊറോണയെ നേരിടുന്ന ഘട്ടത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ല. ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കുക മാത്രമാണെന്നും കാനം പറഞ്ഞു

Share this story