മൂന്നാംഘട്ട വ്യാപനം ഉണ്ടായിട്ടില്ല, സമൂഹവ്യാപനവുമില്ല; ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി

മൂന്നാംഘട്ട വ്യാപനം ഉണ്ടായിട്ടില്ല, സമൂഹവ്യാപനവുമില്ല; ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് മൂന്നാംഘട്ട കൊവിഡ് 19 വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹ വ്യാപനവും ഉണ്ടായിട്ടില്ല. എന്നാൽ ഭീഷണി ഇതുവരെ ഒഴിവായിട്ടില്ല. ഭീഷണി നിലനിൽക്കുകയും തുടരുകയുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് പത്ത് പേർക്ക് കൂടിയാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഇടുക്കി ജില്ലയിൽ നാല് പേർക്കും കോഴിക്കോട്, കോട്ടയം ജില്ലകളിൽ രണ്ട് പേർക്കും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. നാല് പേർ അയൽ സംസ്ഥാനങ്ങളിൽ നിന്നും രണ്ട് പേർ വിദേശത്ത് നിന്നും വന്നവരാണ്. ഇതുവരെ സംസ്ഥാനത്ത് 447 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 129 പേർ നിലവിൽ ചികിത്സയിലാണ്.

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 23,876 ആയി കുറഞ്ഞു. 23439 പേർ വീടുകളിലും 437 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 148 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ റെഡ് സോണിൽ തന്നെ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂരിൽ 2592 പേർ നിരീക്ഷണത്തിൽ കഴിയുകയാണ്. കാസർകോട് 3126 പേരും കോഴിക്കോട് 2770 പേരും മലപ്പുറത്ത് 2465 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

Share this story