പഴയ വ്യാജവാർത്തകൾ മാധ്യമപ്രവർത്തകരെ ഓർമിപ്പിച്ച് പിണറായി; താൻ സ്വീകരിച്ച നിലപാട് സമൂഹത്തിനറിയാമെന്നും മുഖ്യമന്ത്രി

പഴയ വ്യാജവാർത്തകൾ മാധ്യമപ്രവർത്തകരെ ഓർമിപ്പിച്ച് പിണറായി; താൻ സ്വീകരിച്ച നിലപാട് സമൂഹത്തിനറിയാമെന്നും മുഖ്യമന്ത്രി

സ്പ്രിംക്ലർ കരാറുമായി ബന്ധപ്പെട്ട് നിരന്തരം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ചിരിച്ചു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരോടൊക്കെ എന്ത് മറുപടി പറയാനാണ്. അതെല്ലാം പറഞ്ഞു തുടങ്ങിയാൽ പഴയ കഥകളിലേക്ക് പോകേണ്ടി വരും. തനിക്ക് നേരെയുണ്ടായ പഴയ വ്യാജവാർത്തകളെ കുറിച്ചും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ ഓർമിപ്പിച്ചു

കമല എന്റെ ഭാര്യയുടെ പേരാണ്. അവരുടെ പേരിൽ കമല ഇന്റർനാഷണൽ എന്ന സ്ഥാപനം വിദേശത്ത് ഉണ്ടെന്നായിരുന്നു ഒരു ആക്ഷേപം. എന്റെ വീട് രമ്യഹർമമാണ്, പൊന്നാപുരം കോട്ടയാണ് എന്നൊക്കെ രീതിയിൽ ഒരു ചിത്രം പ്രദർശിപ്പിച്ച് നടന്നു. എന്റെ മകൾ കോയമ്പത്തൂരിൽ അമൃതാനന്ദമയിയുടെ കോളജിൽ പഠിക്കാൻ പോയതിനെ കുറിച്ചും വാർത്തകളായിരുന്നു.

കോളജിൽ ചേർന്നപ്പോൾ വാർത്ത. പഠനം കഴിഞ്ഞുടനെ ഒറാക്കളിൽ മകൾക്ക് ജോലി ലഭിച്ചു. അത് പിണറായി വിജയന്റെ സ്വാധീനം കൊണ്ടാണെന്ന് പറയാൻ സാധിക്കാത്തതിൽ വാർത്തയൊന്നും വന്നില്ല. മകന്റെ പഠനവുമായി ബന്ധപ്പെട്ടും എന്തെല്ലാം വാർത്തകളായിരുന്നു

ലാവ്‌ലിൻ കേസ് അന്വേഷിക്കാൻ യുഡിഎഫ് സർക്കാർ ഏൽപ്പിച്ച വിജിലൻസാണ് തെളിവില്ലെന്ന് റിപ്പോർട്ട് ചെയ്തത്. അതിന് ശേഷമാണ് മന്ത്രിസഭയിൽ വിഷയം കൊണ്ടുപോയി സിബിഐ അന്വേഷണം നടത്താൻ തീരുമാനിക്കുന്നത്. എന്തൊക്കെ കള്ള തെളിവുകളാണ് ഉണ്ടാക്കിയത്. പിന്നീട് കോടതിയുടെ വിശദമായ പരിശോധനയുടെ ഭാഗമല്ലേ കേസ് പോലും നിലനിൽക്കില്ലെന്ന് തീരുമാനിച്ചത്.

ഇത്തരം ഘട്ടങ്ങളിലെല്ലാം താൻ സ്വീകരിച്ച നിലപാട് സമൂഹത്തിനറിയാം. അതുകൊണ്ട് എന്തെങ്കിലും ഉയർത്തി തന്നെ താഴ്ത്തിക്കെട്ടാമെന്നാണ് കരുതുന്നതെങ്കിൽ ആ ധാരണ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story