കുടുംബശ്രീയിലൂടെ 2000 കോടി രൂപയുടെ വായ്പാ സഹായം; 32 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമാകും

കുടുംബശ്രീയിലൂടെ 2000 കോടി രൂപയുടെ വായ്പാ സഹായം; 32 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമാകും

കൊവിഡ് പശ്ചാത്തലത്തിൽ സഹായഹസ്തി പദ്ധതി പ്രകാരം കുടുംബശ്രീയിലൂടെ 2000 കോടിയുടെ വായ്പ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 32 ലക്ഷം കുടുംബങ്ങളിലേക്ക് ഈ വായ്പ എത്തും. 75 ശതമാനം കമ്മ്യൂണിറ്റി കിച്ചണുകൾ കുടുംബശ്രീയാണ് നടത്തുന്നത്. ഇവ ജനകീയ ഹോട്ടലുകളായി മാറും.

350 ജനകീയ ഹോട്ടലുകൾ തുടങ്ങിയിരുന്നു. അരലക്ഷം കുടുംബശ്രീ അംഗങ്ങൾ സന്നദ്ധ സേനയിലേക്ക് രജിസ്റ്റർ ചെയ്തു. മാസ്‌ക നിർമാണത്തിൽ കുടുംബശ്രീ 22 ലക്ഷം മാസ്‌കുകളും സാനിറ്റൈസറും നിർമിച്ചു. കുടുംബശ്രീയുടെ 14 ജില്ലകളിലെയും സ്‌നേഹിതയിലൂടെയും 360 കമ്മ്യൂണിറ്റി കൗൺസിലർമാരിലൂടെയും ജനങ്ങൾക്കും കുടുംബങ്ങൾക്കും വേണ്ട മാനസിക പിന്തുണ നൽകുന്നുണ്ട്.

കാർഷിക സംസ്‌കാരം വീണ്ടെടുക്കുകയെന്ന ലക്ഷ്യം നേടാൻ കുടുംബശ്രീയുടെ വനിതാ സംഘകൃഷിക്ക് സാധിക്കണം. കൊവിഡിന് ശേഷം ഏറ്റവും മികച്ച പ്രവർത്തനം ഏറ്റെടുത്ത് സമൂഹത്തിന് താങ്ങാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

48 കോടി പേരുടെ ക്ഷേമപെൻഷനുകൾ ഗുണഭോക്താക്കളുടെ വീട്ടിൽ എത്തിച്ചു. ഇടമലക്കുടിയിൽ 76 പേരുടെ ക്ഷേമപെൻഷൻ വിതരണം ചെയ്തു. ബാങ്കിൽ പോകാതെ ഉപഭോക്താക്കൾക്ക് പണം വീട്ടിലെത്തിക്കാനുള്ള സൗകര്യവും ഏർപ്പെടാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

Share this story