അതൊരു തമാശയായിരുന്നു; അണുനാശിനി പ്രയോഗത്തിൽ മലക്കം മറിഞ്ഞ് ട്രംപ്

അതൊരു തമാശയായിരുന്നു; അണുനാശിനി പ്രയോഗത്തിൽ മലക്കം മറിഞ്ഞ് ട്രംപ്

കൊവിഡിനെ നശിപ്പിക്കാൻ അണുനാശിനി കുത്തിവെച്ചാൽ മതിയെന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റിന്റെ പരാമർശത്തിൽ വ്യാപക പരിഹാസമുയർന്ന സാഹചര്യത്തിലാണ് തിരുത്തൽ. മാധ്യമങ്ങളോട് താൻ ഇക്കാര്യം തമാശയായി പറഞ്ഞതാണെന്നാണ് ട്രംപിന്റെ തിരുത്തൽ

എന്തായിരിക്കും പ്രതികരണമെന്നറിയാൻ വേണ്ടി മാധ്യമപ്രവർത്തകരോട് ഞാൻ തമാശ രൂപത്തിൽ ഒരു ചോദ്യം ചോദിച്ചതാണ്. ട്രംപ് വിശദീകരിക്കുന്നു. അൾട്രാ വയലറ്റ് രശ്മികൾ വൈറസുകളിൽ ആഘാതം സൃഷ്ടിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ടെന്നും വേനൽക്കാലത്ത് വൈറസ് വ്യാപനം തടയുന്നത് എളുപ്പമാകുമെന്നുമാണ് കരുതുന്നതെന്ന് യു എസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ ഉപദേഷ്ടാവ് പറഞ്ഞിരുന്നു

ഇതിന് പിന്നാലെയാണ് ട്രംപ് മാധ്യമങ്ങളെ കണ്ടത്. വീര്യമേറിയ പ്രകാശ രശ്മികൾ ശരീരത്തിലേക്ക് കടത്തി വിട്ട് വൈറസിനെ ഇല്ലാതാക്കാൻ സാധിക്കില്ലേ. വൈറസ് പ്രവേശിക്കുന്നത് ശ്വാസകോശത്തിലാണ്. അണുനാശിനി കുത്തിവെച്ച് വൈറസിനെ ഇല്ലാതാക്കി ശരീരം ശുദ്ധീകരിക്കാൻ കഴിയില്ലേ തുടങ്ങിയ ചോദ്യങ്ങളാണ് ട്രംപ് ഉന്നയിച്ചത്.

Share this story