കേരളത്തിന് പാതി ആശ്വാസം; നാല് ജില്ലകൾ കൊവിഡ് മുക്തമായി

കേരളത്തിന് പാതി ആശ്വാസം; നാല് ജില്ലകൾ കൊവിഡ് മുക്തമായി

സംസ്ഥാനത്തിന് ചെറിയ ആശ്വാസമായി നാല് ജില്ലകൾ കൊവിഡ് മുക്തമായി. തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ, വയനാട് ജില്ലകളിലാണ് നിലവിൽ കൊവിഡ് രോഗികൾ ഇല്ലാത്തത്. അതേസമയം നേരത്തെ ഗ്രീൻ സോണിലുണ്ടായിരുന്ന കോട്ടയം ഇടുക്കി ജില്ലകളിൽ കൊവിഡ് കേസുകൾ കഴിഞ്ഞ രണ്ട് ദിവസവും റിപ്പോർട്ട് ചെയ്തത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്

ഹോട്ട് സ്‌പോട്ടുകളിലും റെഡ് സോണിലും മാറ്റം വന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച നാല് ജില്ലകൾക്ക് പുറമെ ഇടുക്കിയും കോട്ടയവും റെഡ് സോണിൽ ഉൾപ്പെട്ടു. ഇടുക്കിയിലെ വണ്ടൻമേട് ഇരട്ടയാർ കോട്ടയം ജില്ലയിലെ ഐമനം, വെല്ലൂർ, അയർക്കുന്നും തലയോലപറമ്പ് എന്നീ പഞ്ചായത്തുകളും ഹോട്ട് സ്‌പോട്ടുകളാണെന്നും മുഖ്യമന്ത്രി അറിയിച്ചു

സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. 13 പേർ രോഗമുക്തി നേടുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ കോട്ടയം ജില്ലയിൽ നിന്നും നാല് പേർ പാലക്കാട് ജില്ലയിൽ നിന്നും മലപ്പുറം, കണ്ണൂർ ജില്ലയിൽ നിന്ന് ഓരോരുത്തരുമാണ്.

രോഗം ബാധിച്ച 13 പേരിൽ അഞ്ച് പേർ തമിഴ്‌നാട്ടിൽ നിന്നും എത്തിയവരാണ്. ഒരാൾ വിദേശത്ത് നിന്ന് വന്നു. ഒരാൾക്ക് എങ്ങനെയാണ് രോഗബാധയുണ്ടായതെന്ന് കണ്ടെത്തിയിട്ടില്ല. ബാക്കിയുള്ളവർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു.

രോഗം ഭേദമായവരിൽ ആറ് പേർ കണ്ണൂർ ജില്ലയിൽ നിന്നാണ്. കോഴിക്കോട് നാല് പേരും തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തരും രോഗമുക്തരായി. സംസ്ഥാനത്ത് ഇതിനോടകം 481 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 123 പേർ ചികിത്സയിലുണ്ട്

Share this story