സംസ്ഥാനത്ത് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 13 പേർക്ക് ഇന്ന് രോഗമുക്തി

സംസ്ഥാനത്ത് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 13 പേർക്ക് ഇന്ന് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. 13 പേർ രോഗമുക്തി നേടുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ കോട്ടയം ജില്ലയിൽ നിന്നും നാല് പേർ പാലക്കാട് ജില്ലയിൽ നിന്നും മലപ്പുറം, കണ്ണൂർ ജില്ലയിൽ നിന്ന് ഓരോരുത്തരുമാണ്.

രോഗം ബാധിച്ച 13 പേരിൽ അഞ്ച് പേർ തമിഴ്‌നാട്ടിൽ നിന്നും എത്തിയവരാണ്. ഒരാൾ വിദേശത്ത് നിന്ന് വന്നു. ഒരാൾക്ക് എങ്ങനെയാണ് രോഗബാധയുണ്ടായതെന്ന് കണ്ടെത്തിയിട്ടില്ല. ബാക്കിയുള്ളവർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു.

രോഗം ഭേദമായവരിൽ ആറ് പേർ കണ്ണൂർ ജില്ലയിൽ നിന്നാണ്. കോഴിക്കോട് നാല് പേരും തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തരും രോഗമുക്തരായി. സംസ്ഥാനത്ത് ഇതിനോടകം 481 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 123 പേർ ചികിത്സയിലുണ്ട്

20301 പേരാണ് സംസ്ഥാനത്താകെ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 489 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 104 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 23271 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 22537 എണ്ണത്തിലും രോഗബാധയില്ലെന്ന് കണ്ടെത്തി.

അതേസമയം, സംസ്ഥാനത്ത്‌ മൂന്നാം ഘട്ട വ്യാപനം നടന്നിട്ടില്ലെന്നും സമൂഹവ്യാപനം സംബന്ധിച്ച ആശങ്ക ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. സമ നിലവിലെ രോഗികളുടെയെല്ലാം രോഗബാധ സംബന്ധിച്ച് ധാരണയുണ്ട്. റാൻഡം ടെസ്റ്റുകൾ അടക്കമുള്ള പരിശോധനകൾ നടത്തിയതിൽ സമൂഹ വ്യാപനത്തിന്റെ സൂചന ലഭിച്ചിട്ടില്ല

അതേസമയം സമൂഹവ്യാപനം നടക്കില്ലെന്ന് പറയാൻ സാധിക്കില്ല. സിംഗപ്പൂരിലൊക്കെ ലോക്ക് ഡൗൺ അവസാനിപ്പിച്ചതിന് ശേഷം വൻതോതിൽ രോഗബാധ തിരിച്ചുവന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. അതുകൊണ്ട് ഒറ്റക്കെട്ടായി ഉണർന്നു തന്നെ പ്രവർത്തിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു

Share this story