ഗർഭിണിയെ ഫ്‌ളാറ്റിൽ നിന്ന് ഇറക്കിവിടാൻ ശ്രമം; കേസെടുക്കുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ

ഗർഭിണിയെ ഫ്‌ളാറ്റിൽ നിന്ന് ഇറക്കിവിടാൻ ശ്രമം; കേസെടുക്കുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ

കൊച്ചി തമ്മനത്ത് കൊവിഡ് ആരോപിച്ച് തമിഴ്‌നാട് സ്വദേശിയായ പൂർണ ഗർഭിണിയേയും, ഭർത്താവിനേയും ഫ്‌ളാറ്റിൽ നിന്ന് ഇറക്കി വിടാൻ ശ്രമത്തിൽ ഇടപെട്ട് മന്ത്രി വി എസ് സുനിൽ കുമാർ. ഇത്തരം സംഭവങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നും അന്വേഷിച്ച് കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വൈറസ് ബാധയില്ലെന്ന പരിശോധന ഫലം നൽകിയിട്ടും ഫ്‌ളാറ്റൊഴിയണമെന്ന നിലപാടിൽ ന്യൂ ലാൻറ് ഹൈറ്റ്‌സ് എന്ന ഫ്‌ളാറ്റിലെ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ഉറച്ച് നിന്നതായാണ് ആരോപണം. അതേസമയം ഇത്തരം പെരുമാറ്റങ്ങൾ നാടിന് അപമാനമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് വ്യക്തമാക്കി.

 

രണ്ട് ദിവസത്തിനുള്ളിൽ പ്രസവം നടക്കാനിരിക്കുന്ന പൂർണ ഗർഭിണിയെയാണ് കൊറോണ ആരോപിച്ച് ഫ്‌ളാറ്റ് ഒഴിയാൻ തമ്മനം ന്യൂലാന്റ് ഹൈറ്റ്‌സ് ഫ്‌ളാറ്റിലെ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടത്. ഇവർ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിൽ ചികിത്സയ്ക്ക് എത്തിയതാതായിരുന്നു പ്രധാന പ്രശ്‌നം. കൊവിഡ് നെഗറ്റീവാണെന്നും വൈറസ് ഇല്ലെന്നുമുള്ള തമിഴ്‌നാട് സർക്കാറിന്റേയും സംസ്ഥാന സർക്കാറിന്റേയും പരിശോധന ഫലം ദമ്പതികൾ അസോസിയേഷൻ ഭാരവാഹികൾക്ക് നൽകി.

എന്നാൽ ഭാരവാഹികൾ വിട്ട് വീഴ്ചയ്ക്ക് തയാറായില്ല. ഇതോടെ ദമ്പതികൾക്ക് സംരക്ഷണം നൽകിയിരുന്ന ഡോക്ടറും സിനിമ നടനുമായ റോണി ഡേവിഡ് രംഗത്തെത്തി. അതേ സമയം കൊറോണയാണെന്ന് തെറ്റ് ധരിച്ചാണ് ഫുഡ് വേയ്‌സ്റ്റെടുക്കാൻ ജോലിക്കാർ പോകാതിരുന്നതെന്നും ദമ്പതികളോട് ഫ്‌ളാറ്റൊഴിയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ആണ് അസോസിയേഷൻ ഭാരവാഹികളുടെ വിശദീകരണം.

Share this story