സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി രോഗമുക്തമായി; അഭിമാനമായി കാസർഗോഡ് ജനറൽ ആശുപത്രി

സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി രോഗമുക്തമായി; അഭിമാനമായി കാസർഗോഡ് ജനറൽ ആശുപത്രി

സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച കാസർഗോഡ് ജനറൽ ആശുപത്രി രോഗമുക്തമായി. അവസാന രോഗിയും അസുഖം ഭേദമായി ആശുപത്രിവിട്ടു. പരിമിതമായ ആരോഗ്യ സംവിധാനങ്ങൾ മാത്രമുള്ള ജില്ലയ്ക്ക് ഇത് അഭിമാനാർഹമായ നിമിഷമാണ്.

44 ദിവസം കൊണ്ട് 89 രോഗികൾ കാസർഗോഡ് ജനറൽ ആശുപത്രിയിൽ നിന്ന് കൊവിഡ് മുക്തമായി വീടുകളിലേയ്ക്ക് മടങ്ങി. നിറഞ്ഞ സ്‌നേഹത്തോടെയുള്ള ആരോഗ്യ പ്രവർത്തകരുടെ യാത്രയയപ്പിൽ കൊവിഡ് വൈറസിൽ നിന്ന് മുക്തി നേടിയ അവസാനത്തെ രോഗിയും മടങ്ങി. ബി സി റോഡ് ഇസത് നഗറിലെ ഖലീൽ ആണ് ആശുപത്രി വിട്ടത്. ജില്ലയിൽ ആദ്യത്തെ കൊവിഡ് രോഗി ആശുപത്രി വിട്ടതും ജനറൽ ആശുപത്രിയിൽ നിന്നാണ്.

രാജ്യത്ത് തന്നെ ഉയർന്ന രോഗമുക്തി നിരക്കിലേക്ക് കാസർഗോഡ് ജില്ല എത്തുമ്പോൾ ഏറ്റവും കൂടുതൽ രോഗികളെ പരിചരിച്ച് രോഗമുക്തി നേടിയെന്ന നേട്ടവും ജനറൽ ആശുപത്രിക്ക് സ്വന്തം. മാർച്ച് 16ന് ആദ്യ രോഗിയെ പ്രവേശിപ്പിച്ച ശേഷം ഇവിടുത്തെ ഓരോ ആരോഗ്യ പ്രവർത്തകരും വിശ്രമമില്ലാത്ത സേവനമാണ് നൽകിയത്. കഴിഞ്ഞ ഒരാഴ്ചയായി ഒരു രോഗി മാത്രമാണ് ഇവിടെ ബാക്കിയുണ്ടായിരുന്നത്. പൂർണമായും കൊവിഡ് മുക്തമായതോടെ ജനറൽ ആശുപത്രി അണുവിമുക്തമാക്കി.

എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതിനാൽ ജില്ലക്കാരായ ആളുകൾ മടങ്ങി വരുന്ന സാഹചര്യം മുന്നിൽ കണ്ട് വീണ്ടും കൊവിഡ് ആശുപത്രിയായി തുടരാനാണ് നിലവിലെ തീരുമാനം.

Share this story