വീഴ്ച സംഭവിച്ചിട്ടില്ല; രോഗിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന വിവാദം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

വീഴ്ച സംഭവിച്ചിട്ടില്ല; രോഗിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന വിവാദം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ചയാളെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന വ്യാജ പ്രചാരണം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാൾക്ക് രോഗബാധ കണ്ടെത്തിയാൽ എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ച കഴിഞ്ഞ് 4.45നാണ് ഫലം ഡിഎംഒക്കെ ലഭിച്ചത്. ഈ സമയം മുതൽ എല്ലാ നടപടികളും സ്വീകരിച്ചു

ഇന്നലെ മാത്രം കോട്ടയത്ത് 162 പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് എടുത്തത്. ഓരോരുത്തരെയും ആംബുലൻസ് അയച്ച് വീട്ടിൽ നിന്ന് കൊണ്ടുവരികയും സാമ്പിളെടുത്ത് അതേ ആംബുലൻസിൽ തിരിച്ചെത്തിക്കുകയുമാണ് ചെയ്യുന്നത്. യാത്ര കഴിഞ്ഞാൽ ആംബുലൻസ് അണുവിമുക്തമാക്കുകയും ചെയ്യും. ഇന്നലെ ആറ് പോസിറ്റീവ് ഫലമാണ് കോട്ടയത്തുണ്ടായത്.

ആറ് പേരെയും രാത്രി എട്ടരയോടെ മെഡിക്കൽ കോളജിലെത്തിച്ചു. എല്ലാവരും ക്വാറന്റൈനിൽ കഴിയുന്നവരാണ്. പിന്നെ എന്തിനാണ് ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന തരത്തിൽ ചർച്ച കൊണ്ടുപോകുന്നത്. രോഗബാധിതരെ വിളിച്ച് പൊതുപ്രസ്താവന നടത്താൻ ശ്രമിക്കുന്നതും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു

Share this story