ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ നോര്‍ക്ക ആരംഭിച്ചു

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ നോര്‍ക്ക ആരംഭിച്ചു

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ നോര്‍ക്ക ആരംഭിച്ചു.

ഇതരസംസ്ഥാനത്ത് ചികിത്സക്ക് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍, കേരളത്തില്‍ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്തവര്‍, കൃഷി ആവശ്യത്തിന് പോയവര്‍, പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍, പരീക്ഷ, ഇന്റര്‍വ്യൂ, തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധു ഗൃഹസന്ദര്‍ശനം എന്നിവയ്ക്ക് പോയവര്‍, അടച്ച വിദ്യാഭ്യസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടമായവര്‍, റിട്ടയര്‍ ചെയ്തവര്‍, എന്നിങ്ങനെയുളളവര്‍ക്കാണ് മുന്‍ഗണന.

www.registernorkaroots.org 

എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

അതേ സമയം, ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾ അടക്കമുള്ളവർക്ക് അന്തർ സംസ്ഥാന യാത്രകൾ നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകി. കുടിയേറ്റ തൊഴിലാളികൾ, തീർഥാടകർ, ടൂറിസ്റ്റുകൾ, വിദ്യാർഥികൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്കാണ് മുൻഗണന.

നാട്ടിലെത്തിയാൽ നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഏകോപന കമ്മിറ്റികൾ രൂപീകരിച്ച് ഇത്തരം യാത്ര നടത്തുന്നവരെ സ്വീകരിക്കുന്നതിനും അയക്കുന്നതിനുമുള്ള മാർഗരേഖ തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. തങ്ങളുടെ സംസ്ഥാനങ്ങളിൽ ഇവർ രജിസ്‌ട്രേഷൻ നടത്തുകയും വേണം

യാത്ര നടത്തുന്നവരെ പരിശോധിക്കുന്നതിനുള്ള സംവിധാനമൊരുക്കണം. കൊവിഡ് ലക്ഷണമില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. റോഡ് മാർഗമായിരിക്കും യാത്ര. ബസുകളിൽ സാമൂഹിക അകലം പാലിച്ചായിരിക്കണം യാത്ര. വാഹനങ്ങൾ അണുവിമുക്തമാക്കണം. സംസ്ഥാന സർക്കാരുകൾ നിർദേശിക്കുന്ന പാതയിലൂടെ മാത്രമേ സഞ്ചരിക്കാവൂ.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്ത് എത്തുന്നവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. ഇവരുടെ നിർദേശങ്ങൾ പാലിക്കണം. ഒരു കൂട്ടമാളുകൾ യാത്ര ചെയ്യുന്നുണ്ടെങ്കിൽ സംസ്ഥാനങ്ങൾ തമ്മിൽ പരസ്പരം ആലോചിച്ച ശേഷമാണ് തീരുമാനമെടുക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.

Share this story