പ്രവാസികളുടെ കാര്യം ശ്രദ്ധിക്കു, മറ്റ് സംസ്ഥാനങ്ങളോട് കേരളത്തെ മാതൃകയാക്കാൻ പറയൂ; വി മുരളീധരന് മറുപടിയുമായി കടകംപള്ളി

പ്രവാസികളുടെ കാര്യം ശ്രദ്ധിക്കു, മറ്റ് സംസ്ഥാനങ്ങളോട് കേരളത്തെ മാതൃകയാക്കാൻ പറയൂ; വി മുരളീധരന് മറുപടിയുമായി കടകംപള്ളി

സർക്കാരിന്റെ ജാഗ്രതയില്ലായ്മയും അമിത ആത്മവിശ്വാസവുമാണ് ഇടുക്കിയും കോട്ടയവും ഗ്രീൻ സോണിൽ നിന്ന് റെഡ് സോണിലേക്ക് പോകാൻ കാരണമെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളായ മലയാളികളെ നാട്ടിലെത്തിക്കാനാണ് മുരളീധരൻ കേന്ദ്രമന്ത്രി എന്ന നിലയിൽ പ്രധാന്യം നൽകേണ്ടതെന്ന് കടകംപള്ളി പറഞ്ഞു

കൊവിഡിനെതിരായ പോരാട്ടത്തിൽ കേരളത്തിന്റെ മാതൃക സ്വീകരിക്കാൻ മറ്റ് സംസ്ഥാനങ്ങളോട് അഭ്യർഥിക്കുകയാണ് മുരളീധരൻ രണ്ടാമതായി ചെയ്യേണ്ടത്. നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ കൊവിഡിനെ പ്രതിരോധിക്കാനാകൂ എന്ന് മുഖ്യമന്ത്രി കേരളത്തിലെ മലയാളികളോട് ദിവസവും സംസാരിക്കുന്നുണ്ട്.

ഏറ്റവും കൂടുതൽ കൊവിഡ് ബാധയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്ത് വെച്ചടി വെച്ചടി വെച്ച് കയറുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം കൊവിഡ് ഭീതിയിലാണ്. കേന്ദ്രത്തിന്റെ മൂക്കിന് താഴെയാണ് ഡൽഹി. അവിടെ പോലും നിയന്ത്രിക്കാനാകുന്നില്ല. അവിടേക്കൊന്നും വി മുരളീധരന്റെ കണ്ണഅ പോകുന്നില്ല. അദ്ദേഹത്തിന്റെ ദുഷ്ടലാക്ക് ലോകം ആദരവോടെ കാണുന്ന നമ്മുടെ സംസ്ഥാനത്ത് വല്ല കുറവുമുണ്ടോയെന്നാണ്.

പിഴവുകളുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുന്നത് നല്ലതാണ്. സാധാരണ പൗരൻ ചൂണ്ടിക്കാട്ടിയാലും സർക്കാർ ഗൗരവത്തോടെ തന്നെ കാണും. ഇടുക്കിയിൽ കാട്ടുപാതകളാണ് തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്കായുള്ളത്. കൊവിഡ് സ്ഥിരീകരിച്ച പലരും മറ്റ് പ്രദേശങ്ങളിൽ നിന്ന് വന്നവരാണ്. ഈ വസ്തുത എന്തുകൊണ്ടാണ് മുരളീധരൻ മനസ്സിലാക്കാത്തത്.

കേരളത്തിന് മാത്രമായി കൊവിഡ് അവസാനിപ്പിക്കാൻ കഴിയില്ല. ഭാരതവും ലോകവും അവസാന കൊവിഡ് മുക്തമാകൂ എന്നും കടകം പള്ളി പറഞ്ഞു

Share this story