സാലറി കട്ട് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടു; സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിക്കും

സാലറി കട്ട് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടു; സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിക്കും

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടു. ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന ഓര്‍ഡിനന്‍സിനൊപ്പം തദ്ദേശ വാര്‍ഡ് ഓര്‍ഡിനന്‍സിലും ഗവര്‍ണര്‍ ഒപ്പിട്ടു

സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം വരുന്ന അഞ്ച് മാസവും പിടിക്കാന്‍ സര്‍ക്കാരിന് നിയമസാധുത നല്‍കുന്നതാണ് ഓര്‍ഡിനന്‍സ്. ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.

ഒരുതരത്തിലും സംസ്ഥാനത്തെ സഹായിക്കില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ സര്‍വീസ് സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചതും സ്റ്റേ വാങ്ങിയതും. ഇതിന് പിന്നാലെയാണ് മന്ത്രിസഭ പുതിയ ഓര്‍ഡിന്‍സിന് അനുമതി നല്‍കിയും ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചതും.

ദുരന്ത നിവാരണ നിയമപ്രകാരമാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടിരിക്കുന്നത്. 25 ശതമാനം വരെ ശമ്പളം പിടിക്കാനുള്ള വ്യവസ്ഥയുണ്ടെങ്കിലും നിലവില്‍ മുന്‍ നിശ്ചയിച്ച പ്രകാരം ആറ് ദിവസത്തെ ശമ്പളമാണ് മാറ്റിവെക്കുന്നത്. ഇത് എന്ന് കൊടുക്കുമെന്നത് ആറ് മാസം കഴിഞ്ഞ് അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥയും ഓര്‍ഡിനന്‍സിലുണ്ട്. അതേസമയം സംസ്ഥാനത്തെ സഹായിക്കാന്‍ മനസ്ഥിതിയില്ലാത്ത പ്രതിപക്ഷ സംഘടനകള്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.

Share this story