അതിഥി തൊഴിലാളികൾക്കായി കേരളത്തിൽ നിന്ന് നാളെ മുതൽ കൂടുതൽ ട്രെയിനുകൾ; ക്രമസമാധാന പ്രശ്‌നമുണ്ടായാൽ സർവീസ് നിർത്തും

അതിഥി തൊഴിലാളികൾക്കായി കേരളത്തിൽ നിന്ന് നാളെ മുതൽ കൂടുതൽ ട്രെയിനുകൾ; ക്രമസമാധാന പ്രശ്‌നമുണ്ടായാൽ സർവീസ് നിർത്തും

അതിഥി തൊഴിലാളികൾക്കായി നാളെ മുതൽ കൂടുതൽ ട്രെയിനുകളുണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി. ഇന്ന് സംസ്ഥാനത്ത് നിന്ന് ആദ്യ ട്രെയിൻ പുറപ്പെടും. ആലുവയിൽ നിന്ന് ഒഡീഷയിലെ ഭൂവനേശ്വറിലേക്കാണ് വൈകുന്നേരം ആറ് മണിക്ക് ട്രെയിൻ പുറപ്പെടുന്നത്. നാളെ 5 ട്രെയിനുകൾ കൂടി പുറപ്പെടുമെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു.

ഇന്ന് ഒരു ട്രെയിൻ മാത്രമാണ് പുറപ്പെടുന്നത്. ഒഡീഷയിൽ നിന്നുള്ള 1200 പേരെ കൊണ്ടുപോകാനാണ് തീരുമാനം. ക്യാമ്പുകളിൽ നിന്നായി ട്രെയിനിൽ യാത്ര ചെയ്യേണ്ടവരെ പോലീസ് കെഎസ്ആർടിസി ബസിൽ റെയിൽവേ സ്‌റ്റേഷനിൽ എത്തിക്കും. പെരുമ്പാവൂരിൽ തൊഴിലാളികൾ തങ്ങുന്ന ക്യാമ്പുകളിൽ എത്തി തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷമാണ് ഇവരെ തെരഞ്ഞെടുക്കുന്നത്.

2198 ക്യാമ്പുകളിലായി 90,000ത്തോളം പേരാണ് പെരുമ്പാവൂരിലുള്ളത്. രോഗലക്ഷണമില്ലെന്ന് തെളിയിക്കാനായി ഓരോരുത്തരെയും പരിശോധിച്ച് ഹെൽത്ത് സർട്ടിഫിക്കറ്റ് നൽകും. 34 മണിക്കൂർ കൊണ്ടാണ് ട്രെയിൻ ഭുവനേശ്വറിലെത്തുന്നത്.

ആരും തിരക്ക് കൂട്ടേണ്ടതില്ലെന്നും പ്രധാന സ്റ്റേഷനുകളിൽ നിന്നെല്ലാം കൂടുതൽ സർവീസുകൾ ഇവർക്കായി നടത്തുമെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു. എല്ലാ ട്രെയിനുകളും നോൺ സ്‌റ്റോപ്പ് ട്രെയിനുകളായിരിക്കും. വിവിധ ജില്ലകളിലുള്ള തൊഴിലാളികളെ റെയിൽവേ സ്റ്റേഷനുകളിൽ എത്തിക്കുന്ന കാര്യം അതാത് ജില്ലാ ഭരണകൂടങ്ങൾക്ക് തീരുമാനിക്കാമെന്നും ആഭ്യന്തര സെക്രട്ടറി അറിയിച്ചു

Share this story