എന്താണ് ഹോട്ട്സ്പോട്ട്…? ഒരു പ്രദേശത്തെ ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തുന്നത് എപ്പോൾ..?

എന്താണ് ഹോട്ട്സ്പോട്ട്…? ഒരു പ്രദേശത്തെ ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തുന്നത് എപ്പോൾ..?

രാജ്യത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയതുമുതൽ സ്ഥിരമായി കേൾക്കുന്ന ഒരു വാക്കാണ് ഹോട്ട്സ്പോട്ട് എന്നത്. എന്താണ് ഹോട്ട്സ്പോട്ട്? ഒരു ഹോട്ട്‌സ്‌പോട്ടിൽ എന്തൊക്കെ ചെയ്യാൻ കഴിയും, ചെയ്യാൻ കഴിയില്ല? ഹോട്ട്പോട്ടുകൾ എവിടെയൊക്കെ എന്ന് എങ്ങനെ അറിയും? ഇങ്ങനുള്ള ചോദ്യങ്ങൾ നിങ്ങൾക്കും ഉണ്ടായിക്കാണില്ലേ…?

 

എന്താണ് ഹോട്ട്സ്പോട്ട്…?

 

കൊറോണ വൈറസ് അണുബാധയുടെ വ്യാപനത്തിന് ഏറ്റവും കൂടുതൽ സാധ്യത ഉള്ളതായി കണ്ടെത്തുന്ന പ്രദേശങ്ങളാണ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെടുന്നത്. ആളുകൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുന്നതിലൂടെ രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള ഒരു സങ്കേതമാണ് ഈ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിക്കൽ‍.

 

ദേശീയ തലത്തിൽ പിന്തുടരുന്ന നിർദേശമനുസരിച്ച് ഒരു മാസത്തിൽ ആറോ അതിലധികമോ ആളുകൾ പോസിറ്റീവ് ആയി സ്ഥിരീകരിക്കപ്പെട്ട ഒരു പ്രദേശമാണ് കൊറോണ വൈറസ് ഹോട്ട്‌സ്പോട്ട്. എന്നാൽ കേരളത്തിൽ മറ്റു കുറച്ചു വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഹോട്ട്സ്പോട്ട് കൈകാര്യം ചെയ്യുന്നത്. കേരളം ലോക്ക്ഡൗണിൽ നിന്നും ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ഈ ഹോട്ട്സ്പോട്ടുകളുടെ നിർവചനം.

 

ഒരു തദ്ദേശസ്ഥാപന പ്രദേശത്തു നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണവും, റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് രോഗികളുടെ പ്രൈമറി കോണ്ടാക്റ്റുകളുടെയും, അവരുടെ സെക്കണ്ടറി കോണ്ടാക്റ്റുകളുടെയും എണ്ണം കണക്കാക്കിയുള്ള ഒരു സംഖ്യയാണ് ഹോട്ട്സ്പോട്ട് നിർണയിക്കാൻ സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഇതിനെ സംബന്ധിച്ചുള്ള മാർഗരേഖ തയാറാക്കിയത്.

 

പോസിറ്റീവ് കേസുകളും, പ്രൈമറി കോണ്ടാക്റ്റുകളും, സെക്കണ്ടറി കോണ്ടാക്റ്റുകളും സ്ഥിരീകരിച്ച എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി ഒരു പട്ടിക തയാറാക്കുന്നതാണ് ഇതിന്റെ ആദ്യ പടി. അടുത്തതായി ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെയും പോസിറ്റീവ് കേസുകൾ, പ്രൈമറി കോണ്ടാക്റ്റുകൾ, സെക്കണ്ടറി കോണ്ടാക്റ്റുകൾ എന്നിവയുടെ എണ്ണം പട്ടികപ്പെടുത്തുന്നു. ഇത്തരത്തിൽ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള അവസ്ഥയ്ക്കനുസരിച്ചു കൊവിഡ് വ്യാപന സാധ്യതക്കുള്ള വെയ്റ്റേജ് നമ്പർ കണ്ടെത്തുകയും, ഒരു നിശ്ചിത അനുപാതത്തിന് മുകളിൽ‍ വെയ്റ്റേജ് നമ്പർ വന്ന തദ്ദേശസ്വയംഭരണപ്രദേശങ്ങൾ ഹോട്ട്സ്പോട്ടുകളായി നിജപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്യും.

 

സാധാരണഗതിയിൽ തദ്ദേശ സ്വയംഭരണസ്ഥാപന പ്രദേശം ഒന്നടങ്കം ഹോട്ട്സ്പോട്ട് ആയി മാറുകയാണ് ചെയ്യുന്നത്. എന്നാൽ നഗരസഭകളുടെ വിസ്തൃതിയും ജനബാഹുല്യവും കണക്കിലെടുത്ത് , നഗരങ്ങൾ ഹോട്ട്സ്പോട്ടുകളായി മാറുന്ന അവസരത്തിൽ വാർഡുകളെ ഉപവിഭാഗങ്ങളായി തിരിച്ച് ജില്ലാ ഭരണകൂടം വേണ്ട ക്രമീകരണങ്ങൾ നടത്തും. രോഗബാധയെ നിർണയിക്കുന്ന പുതിയഘടകങ്ങൾ കണ്ടെത്തുന്ന പക്ഷം അവയെ കൂടി ഭാവിയിൽ ഹോട്ട്സ്പോട്ട് കണ്ടെത്തുന്നതിനായി ഉപയോഗിക്കും

 

ഒരു ഹോട്ട്‌സ്പോട്ടിൽ എന്തൊക്കെ കാര്യങ്ങൾ അനുവദിക്കില്ല…?

 

അടിയന്തരമായ മെഡിക്കൽ‍ എമര്‍ജന്‍സികൾ‍ ഒഴികെ ഹോട്ട്‌സ്പോട്ട് പ്രദേശത്ത് നിന്നും പുറത്തേക്കോ അകത്തേക്കോ പോവാൻ ആളുകൾ‍ക്ക് വിലക്കുണ്ട്. പ്രഭാതസവാരി, സായാഹ്നസവാരി എന്നിവക്കായി പുറത്തിറങ്ങുന്നതിനും ഹോട്ട്സ്പോട്ടുകളിൽ വിലക്കുണ്ട്. പലചരക്ക്, മരുന്ന് എന്നിവയ്ക്കായി പോലും ആരെയും പുറത്തുകടക്കാൻ അനുവദിക്കില്ല. ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കൾ എന്നിവ വീടുതോറും വിതരണം ചെയ്യുന്നത് സർക്കാർ ഉറപ്പാക്കും. അവശ്യവസ്തുക്കളുടെ കൈമാറ്റത്തിനായി ഒരു എൻട്രി/എക്സിറ്റ് പോയിന്റ്‌ ഒഴികെ, ഹോട്ട്സ്പോട്ടുകളുടെ അതിർത്തികള്‍ പൂർണമായും സീല്‍ ചെയ്യും. അതായത് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ‍ ഒരു റോഡ് ഒഴിവാക്കി ബാക്കിയുള്ള റോഡുകളെല്ലാം അടയ്ക്കും.

 

ഹോട്ട്‌സ്‌പോട്ട് ഏരിയയിൽ അനുവദനീയമായ കാര്യങ്ങൾ…?

 

കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാൻ സർക്കാർ വീടുതോറുമുള്ള നിരീക്ഷണം ഉറപ്പാക്കും. പലചരക്ക് സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ഓർഡർ ചെയ്യുന്നതനുസരിച്ച് വീട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കും. മെഡിക്കൽ എമർജൻ‍സികൾ‍ ഉണ്ടാവുന്ന സാഹചര്യങ്ങളിൽ, പ്രത്യേക അനുമതിയുള്ള ആംബുലൻസുകളുടെ സേവനം ഹോട്ട്‌സ്പോട്ട് പ്രദേശത്തേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനുമായി ഉപയോഗപ്പെടുത്താവുന്നതാണ്. ഹോട്ട്‌സ്പോട്ട് പ്രദേശങ്ങൾ വ്യക്തമായ സുരക്ഷാക്രമീകരണങ്ങളോട് കൂടി സർക്കാർ ശുചീകരിക്കും.

 

ഒരു പ്രദേശം ഹോട്ട്‌സ്‌പോട്ട് ഏരിയ അല്ലാതാവുന്നത് എപ്പോൾ‍…?

 

ഈയൊരു പകർ‍ച്ചാവ്യാധിയുടെ കാര്യത്തിൽ‍ നാം അതീവജാഗ്രത പുലർ‍ത്തണ്ടതുണ്ട്. അതുകൊണ്ട് തന്നെ വൈറസ് വ്യാപനത്തെ അടിസ്ഥാനമാക്കി ഹോട്ട്‌സ്പോട്ടുകൾ ദിനംപ്രതി പുനർ‍നിർണയിക്കപ്പെടും. പുതുതായി ഏതെങ്കിലും ഹോട്ട്സ്പോട്ട് കണ്ടെത്തിയിട്ടുണ്ടെങ്കിൽ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ പ്രതിദിന ബുള്ളറ്റിന്‍ വഴി അത് പൊതുജനങ്ങളെ അറിയിക്കുന്നതാണ്. ഹോട്ട്സ്പോട്ട് ആയ ഒരു പ്രദേശത്ത് നിന്നുള്ള വിവരങ്ങൾ‍ ഒരാഴ്ചക്കാലം തുടര്‍ച്ചയായി വിശകലനം ചെയ്തതിനു ശേഷം മാത്രമേ ആ പ്രദേശത്തെ ഹോട്ട് സ്പോട്ടുകളുടെ പട്ടികയിൽ നിന്നും ഒഴിവാക്കുകയുള്ളൂ.

Share this story