വിദേശത്ത് നിന്ന് എത്തുന്നവർ ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന് മുഖ്യമന്ത്രി

വിദേശത്ത് നിന്ന് എത്തുന്നവർ ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന് മുഖ്യമന്ത്രി

കൊവിഡ് പരിശോധന നടത്താതെയാണ് വിദേശരാജ്യങ്ങളിൽ നിന്ന് ആളുകളെ എത്തിക്കുന്നതെങ്കിൽ അവർ ഏഴ് ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിയേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിശോധന നടത്താതെ ആളുകളെ എത്തിക്കുന്നത് അപകടം പിടിച്ച രീതിയാണെന്നും അദ്ദേഹം പറഞ്ഞു

ഒരു വിമാനത്തിൽ ആർക്കെങ്കിലും രോഗമുണ്ടെങ്കിൽ അത് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും ബാധിക്കും. രാജ്യത്താകെ രോഗവ്യാപനത്തിന് ഇത് ഇടയാക്കും. കേരളം പ്രവാസികളെ തിരിച്ചെത്തിക്കാൻ ചിട്ടയോടുകൂടി പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. അതിൽ ഇളവ് വരുത്തുന്നത് ശരിയല്ല. വിദേശങ്ങളിൽ നിന്ന് പ്രവാസികൾ എത്തേണ്ടത് പ്രധാനമാണ്. എന്നാൽ ആളുകൾ വരുമ്പോൾ കൊവിഡ് വ്യാപനം തടയുകയെന്ന പ്രധാന ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ പറ്റില്ല. പ്രത്യേക വിമാനങ്ങളിൽ തിരിച്ചെത്തുന്നവരെ യാത്ര തിരിക്കും മുമ്പ് തന്നെ പരിശോധന നടത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

വിമാനത്തിൽ വരുന്നവർ നിർബന്ധമായും ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയേണ്ടി വരും. ഏഴാം ദിവസമാണ് ഇവർക്ക് പിസിആർ ടെസ്റ്റ് നടത്തുക. ടെസ്റ്റിൽ നെഗറ്റിവായവരെ വീടുകലിലേക്ക് അയക്കും. പോസിറ്റീവ് ആണെങ്കിൽ ആശുപത്രികളിലേക്ക് അയക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share this story