പ്രവാസികളുടെ മടങ്ങിവരവ്: രണ്ട് ലക്ഷം കൊവിഡ് പരിശോധനാ കിറ്റുകൾ ഓർഡർ ചെയ്തതായി മുഖ്യമന്ത്രി

പ്രവാസികളുടെ മടങ്ങിവരവ്: രണ്ട് ലക്ഷം കൊവിഡ് പരിശോധനാ കിറ്റുകൾ ഓർഡർ ചെയ്തതായി മുഖ്യമന്ത്രി

പ്രവാസകൾ മടങ്ങി വരുമ്പോൾ വലിയ തോതിൽ കൊവിഡ് ടെസ്റ്റുകൾ നടത്തേണ്ടത് കണക്കിലെടുത്ത് രണ്ട് ലക്ഷം കിറ്റുകൾക്ക് ഓർഡർ നൽകിയതായി മുഖ്യമന്ത്രി. ദുബൈയിൽ നിന്നും മാലിദ്വീപിൽ നിന്നും കപ്പലുകൾ വഴി പ്രവാസികൾ ഉടനെ മടങ്ങിയെത്തും. കൊച്ചിയിലേക്കാണ് കപ്പലുകൾ വരുന്നത്. ഈ സാഹചര്യത്തിൽ തുറമുഖത്തും ആവശ്യമായ സൗകര്യം ഒരുക്കും.

കപ്പലുകളിൽ എത്തുന്ന അന്യസംസ്ഥാനക്കാരെ നിരീക്ഷണത്തിൽ പാർപ്പിച്ച ശേഷം അവരവരുടെ സംസ്ഥാനങ്ങളിലേക്ക് അയക്കും. വിമാനത്താവളങ്ങളോട് ചേർന്നുള്ള നിരീക്ഷണ കേന്ദ്രങ്ങൾ കൂടാതെ അവരുടെ ജില്ലയിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് തന്നെ അവരെ കൊണ്ടുപോകും.

ഇതുവരെ രണ്ടര ലക്ഷം കിടക്കകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 1.63 ലക്ഷം കിടക്കകൾ നിലവിൽ സജ്ജമാണ്. ബാക്കിയുള്ളവ ഉടൻ തയ്യാറാകും. സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുകളും ക്വാറന്റൈൻ കേന്ദ്രമാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഈ മാസത്തിൽ തന്നെ അറുപതിനായിരം പരിശോധനകൾ നടത്തും.

അടുത്ത മാസത്തോടെ വിമാന സർവീസുകളുടെ എണ്ണം കൂടുമെന്നാണ് വിവരം. ആഴ്ചയിൽ അറുപതിനായിരം പേരെങ്കിലും കേരളത്തിലേക്ക് എത്തും. ഇതോടൊപ്പം അന്യ സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ എത്തും. ഇവരെയെല്ലാം പരിശോധിക്കാൻ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Share this story