ഇരിക്കുന്ന കസേരയെ കുറിച്ച് നല്ല ബോധ്യമുണ്ട്, അവരുടെ പൈസ അവരുടെ കയ്യിലിരിക്കട്ടെ; രാമചന്ദ്രന് മറുപടിയുമായി മുഖ്യമന്ത്രി

ഇരിക്കുന്ന കസേരയെ കുറിച്ച് നല്ല ബോധ്യമുണ്ട്, അവരുടെ പൈസ അവരുടെ കയ്യിലിരിക്കട്ടെ; രാമചന്ദ്രന് മറുപടിയുമായി മുഖ്യമന്ത്രി

നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ ടിക്കറ്റ് പണം കെ പി സി സി നൽകാമെന്ന വാഗ്ദാനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ കയ്യിലുള്ള പൈസ അവരുടെ കയ്യിൽ തന്നെ ഇരിക്കട്ടെയെന്നും സംസ്ഥാന സർക്കാർ സ്വീകരിക്കാൻ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

പ്രശ്‌നം കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടതാണ്. ഇതിൽ സർക്കാർ ഇടപെടാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആലപ്പുഴയിൽ നിന്നും എറണാകുളത്ത് നിന്നും മടങ്ങുന്ന അതിഥി തൊഴിലാളികളുടെ ടിക്കറ്റ് നിരക്കിന്റെ പണം കോൺഗ്രസ് നൽകാൻ ഒരുങ്ങിയിരുന്നു. എന്നാൽ ഇത് സർക്കാർ സ്വീകരിച്ചിരുന്നില്ല.

ഇത് തന്റെ വ്യക്തിപരമായ പ്രശ്‌നമല്ലാത്തതിനാൽ ദുരഭിമാനത്തിന്റെ പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താനിരിക്കുന്ന കസേരയെ കുറിച്ച് നല്ല ബോധ്യമുണ്ട്. അതിന്റെ മഹിമ അറിയാം. അതുകൊണ്ട് അധികമൊന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വം മനസ്സിലാക്കണമെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി

Share this story