കാത്തിരിപ്പിനൊടുവിൽ പ്രവാസികളുടെ ആദ്യസംഘം ഇന്നെത്തും; വിമാനങ്ങൾ കരിപ്പൂരിലേക്കും കൊച്ചിയിലേക്കും

കാത്തിരിപ്പിനൊടുവിൽ പ്രവാസികളുടെ ആദ്യസംഘം ഇന്നെത്തും; വിമാനങ്ങൾ കരിപ്പൂരിലേക്കും കൊച്ചിയിലേക്കും

ആശങ്കകൾക്കൊടുവിൽ വിദേശത്തു നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘം ഇന്ന് കേരളത്തിലെത്തും. കൊച്ചിയിലേക്കും കരിപ്പൂരിലേക്കുമാണ് രണ്ട് വിമാനങ്ങൾ എത്തുന്നത്. നെടുമ്പാശ്ശേരിയിൽ അബുദാബിയിൽ നിന്നുള്ള വിമാനവും കരിപ്പൂരിൽ ദുബൈയിൽ നിന്നുള്ള വിമാനവുമാണ് എത്തുന്നത്.

റിയാദ്-കോഴിക്കോട് വിമാനം വെള്ളിയാഴ്ചയിലേക്കും ദോഹ-കൊച്ചി സർവീസ് ശനിയാഴ്ചത്തേക്കും മാറ്റിയത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. അതേസമയം കണ്ണൂരിലേക്കും വിമാനം അനുവദിച്ചത് ആശ്വാസകരമാണ്. നെടുമ്പാശ്ശേരിയിൽ 179 പേരും കരിപ്പൂരിൽ 189 പേരുമാണ് എത്തുന്നത്.

മടങ്ങിയെത്തുന്ന പ്രവാസികളിൽ നിരീക്ഷണത്തിൽ കഴിയാൻ ഹോട്ടൽ സൗകര്യം വേണ്ടവർക്ക് പണം ഈടാക്കി അത് നൽകും. മറ്റുള്ളവർക്കായി സർക്കാർ ഒരുക്കുന്ന സൗജന്യ നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിയാം. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

യാത്രക്കാർക്ക് 25 കിലോഗ്രാമം ബാഗേജ് കൊണ്ടുവരാൻ അനുമതിയുണ്ട്. ഏഴ് കിലോ വരുന്ന ഹാൻഡ് ലഗേജും കൊണ്ടുവരാം. പ്രവാസികളെ 20 അംഗ സംഘമായിട്ടാകും പുറത്തിറക്കുക. ബാഗേജുകൾ അണുനശീകരണം നടത്തും. യാത്രക്കാർ പൂരിപ്പിക്കേണ്ട സത്യവാങ്മൂലം ഉൾപ്പെടെയുള്ള ഫോറങ്ങളുമായാണ് വിമാനങ്ങൾ പുറപ്പെടുക.

ടെർമിനലിലേക്ക് വരുമ്പോൾ തെർമൽ സ്‌കാനറും താപനിലപരിശോധനാ സാമഗ്രിയും ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കും. രോഗലക്ഷണം കണ്ടാൽ ഉടൻ പ്രത്യേക പാതയിലൂടെ ആംബുലൻസിലേക്ക്. അല്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും പരിശോധന. തുടർന്ന് ഇമിഗ്രേഷൻ കൗണ്ടറിലേക്ക്.

Share this story