ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരെ തടഞ്ഞ സംഭവം: ഹൈക്കോടതി കേസെടുത്തു, ഇന്ന് പ്രത്യേക സിറ്റിംഗ്

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരെ തടഞ്ഞ സംഭവം: ഹൈക്കോടതി കേസെടുത്തു, ഇന്ന് പ്രത്യേക സിറ്റിംഗ്

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ മലയാളികളെ അതിർത്തിയിൽ തടഞ്ഞ സംഭവത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടർന്നാണ് അവധി ദിനത്തിൽ പ്രത്യേക സിറ്റിംഗ് നടക്കുന്നത്.

വാളയാർ, തലപ്പാടി ചെക്ക് പോസ്റ്റുകളിൽ പാസില്ലാതെ എത്തിയ നിരവധി പേരെ തടഞ്ഞിരുന്നു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഡിവിഷൻ ബഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ ഷാജി പി ചാലി, എം ആർ അനിത എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

പാസില്ലാതെ എത്തി മണിക്കൂറുകളോളം അതിർത്തിയിൽ കുടുങ്ങിയവരെ നീണ്ട ചർച്ചകൾക്ക് ശേഷമാണ് സംസ്ഥാനത്തേക്ക് കടത്തി വിട്ടത്. ഇനി പാസില്ലാതെ എത്തുന്നവരെ കടത്തിവിടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. വരുന്ന ജില്ലയുടെ കലക്ടറുടെ പാസും എത്തേണ്ട ജില്ലയുടെ കലക്ടറുടെ പാസും ഉണ്ടെങ്കിൽ മാത്രമേ ഇവർക്ക് സംസ്ഥാനത്ത് കടന്നുവരാനാകൂ

ആളുകൾ എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നുവെന്നത് കൃത്യമായ രേഖകൾ ആവശ്യമാണ്. ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ഏറെ നിർണായകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Share this story