ഐഎൻഎസ് ജലാശ്വ കൊച്ചി തീരത്ത്; യാത്രക്കാരിൽ 440 മലയാളികൾ

ഐഎൻഎസ് ജലാശ്വ കൊച്ചി തീരത്ത്; യാത്രക്കാരിൽ 440 മലയാളികൾ

മാലിദ്വീപിൽ നിന്ന് 698 ഇന്ത്യക്കാരുമായി പുറപ്പെട്ട ജലാശ്വ കപ്പൽ കൊച്ചി തീരത്തെത്തി. യാത്രക്കാരിൽ 440 മലയാളികളാണ് ഉള്ളത്. 18 ഗർഭിണികളും 14 കുട്ടികളും യാത്രക്കാരിൽ ഉണ്ട്. 698 യാത്രക്കാരിൽ 595 പുരുഷൻമാരും 109 സ്ത്രീകളുമാണുള്ളത്. 36 മണിക്കൂർ നീണ്ട യാത്രക്ക് ശേഷമാണ് കപ്പൽ തീരത്ത് അടുത്തത്. സമുദ്രസേതു ഒഴിപ്പിക്കൽ ഘട്ടത്തിൻ്റെ ഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.

യുദ്ധക്കപ്പൽ ആയതിനാൽ പ്രത്യേക നിയന്ത്രണങ്ങൾ കപ്പിൽ ഉണ്ടായിരുന്നു. യാത്രയിൽ യാത്രക്കാർക്ക് മൊബൈൽ ഫോണുകളും മറ്റും ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല.

20 സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളാണ് കപ്പലിൽ ഉള്ളത്. കേരളം കഴിഞ്ഞാൽ തമിഴ്നാട്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ഉള്ളത്. 137 പേരാണ് കേരളത്തിൻ്റെ അയൽ സംസ്ഥാനത്തിൽ നിന്ന് കപ്പലിൽ ഉള്ളത്. ഒരാൾ മാത്രമുള്ള ആന്ധ്രയിൽ നിന്നാണ് ഏറ്റവും കുറവ്. തിരുവനന്തപുരം ജില്ലയിൽ നിന്ന് 48 പേരും കൊല്ലത്തു നിന്ന് 33 പേരും കപ്പലിൽ ഉണ്ട്. പത്തനംതിട്ട-23, ഇടുക്കി-14, കോട്ടയം-35, പാലക്കാട്-33, മലപ്പുറം-9, കോഴിക്കോട്-21, കണ്ണൂർ-39, കാസർഗോഡ്-10 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ നിന്നുള്ള ആളുകളുടെ കണക്ക്. എറണാകുളം ജില്ലക്കാരായ 175 പേരാണ് കപ്പിൽ ഉള്ളത്. ഏറ്റവുമധികം ആളുകളുള്ള ജില്ലയും എറണാകുളം തന്നെ.

70 പേരാവും ആദ്യം കപ്പലിൽ നിന്ന് ഇറങ്ങുക. ഇവരെ പരിശോധിച്ച് രോഗലക്ഷണം ഉള്ളവരെ ക്വാറൻ്റീനിലേക്ക് മാറ്റും. എല്ലാ ജില്ലക്കാരെയും കൊച്ചിയിൽ തന്നെയാവും ക്വാറൻ്റീൻ ചെയ്യുക. യാത്രക്കാരെ ക്വാറന്റീൻ സെന്ററിൽ എത്തിക്കാൻ 40 എഎസ്ആർടിസി ബസും, 50 ഓൺ ലൈൻ ടാക്‌സികളുമാണ് തയാറാക്കിയിരിക്കുന്നത്.

വിമാനത്താവളത്തിന് സമാനമായ രീതിയിൽ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് വിവിധ ഘട്ടങ്ങളിലുള്ള പരിശോധനകൾ ഉണ്ടാകും. മൂന്ന് മണിക്കൂർ കൊണ്ട് പരിശോധനകൾ പൂർത്തിയാക്കി എല്ലാ യാത്രക്കാരെയും പുറത്തിറക്കാനാകുമെന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞു.

Share this story