ഇന്നലെ കാസർകോട് ജില്ല കൊവിഡ് മുക്തം; ആശങ്ക പടർത്തി ഇന്ന് നാല് പേർക്ക് കൊവിഡ് ബാധ

ഇന്നലെ കാസർകോട് ജില്ല കൊവിഡ് മുക്തം; ആശങ്ക പടർത്തി ഇന്ന് നാല് പേർക്ക് കൊവിഡ് ബാധ

രണ്ട് മാസത്തക്കാലത്തിലേറെ നീണ്ടുനിന്ന ശക്തമായ പോരാട്ടത്തിന്റെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും ഫലമായിട്ടാണ് കാസർകോട് ജില്ല കഴിഞ്ഞ ദിവസം കൊവിഡ് മുക്തമായത്. ഒരു ഘട്ടത്തിൽ രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് രോഗികളുണ്ടായിരുന്ന ജില്ലയായിരുന്നു കാസർകോട്. എന്നാൽ ഹോട്ട് സ്‌പോട്ടിൽ നിന്നും ഗ്രീൻ സോണിലേക്കുള്ള മാറ്റത്തിനായി കാത്തിരിക്കുമ്പോഴാണ് ആശങ്കയുണ്ടാക്കി ജില്ലയിൽ നാല് രോഗികൾ കൂടി റിപ്പോർട്ട് ചെയ്യുന്നത്.

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഏഴ് പേരിൽ നാല് പേരും കാസർകോട് സ്വദേശികളാണ്. മഹാരാഷ്ട്രയിൽ നിന്നും തലപ്പാടി ചെക്ക് പോസ്റ്റ് വഴി റോഡ് മാർഗം എത്തിയ നാല് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ നിന്നും വന്ന 41, 19 പ്രായമുള്ള കുമ്പള സ്വദേശികൾക്കും 61 വയസ്സുള്ള മംഗൽപാടി സ്വദേശിക്കും 51 വയസ്സുള്ള പൈവളികെ സ്വദേശിക്കുമാണ് കൊവിഡ് ബാധ

രോഗബാധിതരെല്ലാം തന്നെ പുരുഷൻമാരാണ്. കേരളത്തിലേക്ക് തിരികെ എത്തിയപ്പോൾ മുതൽ നാല് പേരും ഹോം ക്വാറന്റൈനിലാണ്. 178 രോഗികളാണ് ജില്ലയില്‍ ആകെയുണ്ടായിരുന്നത്. ഇന്ന് നാല് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 182 ആയി

Share this story