സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; നാല് പേർ കാസർകോട് ജില്ലയിൽ

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; നാല് പേർ കാസർകോട് ജില്ലയിൽ

സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 4 പേർക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസർഗോഡ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവർ മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്. പാലക്കാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആൾ ചെന്നൈയിൽ നിന്നും വന്നതും മലപ്പുറം ജില്ലയിൽ കുവൈറ്റിൽ നിന്നും വന്നയാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയിൽ സമ്പർക്കം വഴിയാണ് ഒരാൾക്ക് രോഗം വന്നത് എന്നും സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. 27 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

വിവിധ ജില്ലകളിലായി 27,986 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 27,545 പേർ വീടുകളിലും 441 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 187 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 37,858 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 37,098 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 3842 സാമ്പിളുകൾ ശേഖരിച്ചതിൽ 3791 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്നലെ വരെ 1307 പേരാണ് വിദേശത്തു നിന്നും വന്നത് അതിൽ 650 പേർ വീട്ടിലും 641 പേർ കോവിഡ് കെയർ സെന്ററിലും 16 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇതിൽ 229 പേർ ഗർഭണികളാണ്.

Share this story