മലപ്പുറത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ ഗർഭിണിയും മൂന്ന് വയസുള്ള മകനും

മലപ്പുറത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ ഗർഭിണിയും മൂന്ന് വയസുള്ള മകനും

മലപ്പുറം ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കുവൈത്തിൽ നിന്ന് മടങ്ങി എത്തിയ തിരൂർ ബി പി അങ്ങാടി സ്വദേശികളായ ഗർഭിണിക്കും മൂന്ന് വയസുകാരനായ മകനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്ന് പാലക്കാട് എത്തിയ മലപ്പുറം പള്ളിക്കൽ ബസാർ സ്വാദേശിയാണ് രോഗബാധ സ്ഥിരീകരിച്ച മൂന്നാമത്തെയാൾ.

 

കുവൈത്തിലെ അബ്ബാസിയയിൽ ഭർത്താവിനും ഭർത്തൃ പിതാവിനും ഒപ്പമായിരുന്നു രോഗ സ്ഥിരീകരിച്ച അമ്മയും മകനും. കൂടെ ഉണ്ടായിരുന്ന ഇവരുടെ ഭർത്തൃ പിതാവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മെയ് ഏഴിന് ഇവർക്കും ഭർത്താവിനും മകനും കൊവിഡ് പരിശോധന നടത്തി. ഗർഭിണിയായതിനാൽ ഫലം വരും മുൻപേ മൂന്ന് വയസുകാരനായ മകനൊപ്പം മെയ് ഒമ്പതിന് എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലെത്തി.

പരിശോധനകളിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വീട്ടിലത്തി നിരീക്ഷണത്തിൽ കഴിഞ്ഞു. കുവൈത്തിൽ നടത്തിയ പരിശോധന ഫലത്തിൽ ഇരുവർക്കും കൊവിഡ് ബാധയുണ്ടെന്ന വിവരത്തെ തുടർന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നടത്തിയ പരിശോധനയിലും ഇരുവർക്കും രോഗബാധ സ്ഥിരീകരിച്ചു.

 

ഇവരുമായി സമ്പർക്കം പുലർത്തിയ ഭർത്തൃ മാതാവ്, ഭർത്തൃ സഹോദരൻ എന്നിവരേയും പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പള്ളിക്കൽ ബസാർ സ്വദേശിയായ 44 കാരനാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ച മൂന്നാമത്തയാൾ. മെയ് എട്ടിന് മറ്റ് ഒൻപത് പേർക്കൊപ്പം യാത്രാ അനുമതിയില്ലാതെ ചെന്നൈയിൽ നിന്ന് മിനി ബസിലാണ് ഇവർ വാളയാർ അതിർത്തിയിലെത്തിയത്. അതിർത്തിയിൽ പരിശോധനക്കിടെ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞു. തലവേദനയും ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ട പള്ളിക്കൽ ബസാർ സ്വദേശിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. മറ്റൊരു വഴിയിലൂടെ മലപ്പുറത്ത് എത്തിയ ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റ് എട്ട് പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Share this story