കേരളത്തിലേക്ക് ട്രെയിനിൽ വരുന്നവരും കൊവിഡ് ജാഗ്രതാ പോർട്ടലിൽ അപേക്ഷിക്കണം

കേരളത്തിലേക്ക് ട്രെയിനിൽ വരുന്നവരും കൊവിഡ് ജാഗ്രതാ പോർട്ടലിൽ അപേക്ഷിക്കണം

ട്രെയിനിൽ കേരളത്തിലേക്ക് മടങ്ങാൻ ടിക്കറ്റ് എടുക്കുന്നവർ കൊവിഡ് 19 ജാഗ്രതാ പോർട്ടലിൽ അപേക്ഷ സമർപ്പിക്കണമെന്ന് സർക്കാർ. മറ്റ് മാർഗങ്ങളിലൂടെ മടങ്ങാനായി നേരത്തെ അപേക്ഷിച്ചവർ ട്രെയിനിൽ വരുന്നുണ്ടെങ്കിൽ ആദ്യത്തെ പാസ് റദ്ദാക്കി റെയിൽ മാർഗം വരുന്നുവെന്ന് കാണിച്ച് പുതുക്കിയ പാസ് എടുക്കണമെന്നും നിർദേശമുണ്ട്.

https://covid19jagratha.kerala.nic.in/ എന്ന വെബ്‌സൈറ്റിലാണ് പാസിനായി അപേക്ഷിക്കേണ്ടത്. ഒരു ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടെയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, ട്രെയിൻ നമ്പർ, പി എൻ ആർ നമ്പർ എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം.

കേരളത്തിലിറങ്ങുന്ന റെയിൽവേ സ്റ്റേഷനുകളിൽ വിശദാംശങ്ങൾ പരിശോധിക്കും. വൈദ്യപരിശോധനക്ക് ശേഷം രോഗലക്ഷണങ്ങൾ ഇല്ലാത്തവർ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈനിൽ പോകണം. ഹോം ക്വാറന്റൈൻ പാലിക്കാത്തവരെ നിർബന്ധമായും ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈനിലേക്ക് മാറ്റും. രോഗലക്ഷണമുള്ളവരെ തുടർ പരിശോധനക്ക് വിധേയരാക്കും

റെയിൽവേ സ്‌റ്റേഷനുകളിൽ നിന്ന് യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനമേ അനുവദിക്കൂ. ബന്ധുക്കൾ അടക്കമെത്തി യാത്രക്കാരെ കൊണ്ടുപോകുന്ന രീതി അനുവദിക്കില്ല. വാഹനങ്ങളിൽ സാമൂഹ്യ അകലം പാലിക്കണം.

ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെ രാവിലെ 11.25നാണ് പുറപ്പെടുന്നത്. ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിലാണ് ഡൽഹി-തിരുവനന്തപുരം ട്രെയിൻ സർവീസ്. വ്യാഴം, വെള്ളി, ബുധൻ ദിവസങ്ങളിൽ തിരിച്ച് ഡൽഹിക്കും സർവീസ് നടത്തും.

Share this story