മദ്യശാലകൾ മെയ് 17ന് ശേഷം തുറന്നേക്കും; ബാറുകളിലും കള്ളുഷാപ്പുകളിലും വിൽപ്പന കൗണ്ടറുകൾ

മദ്യശാലകൾ മെയ് 17ന് ശേഷം തുറന്നേക്കും; ബാറുകളിലും കള്ളുഷാപ്പുകളിലും വിൽപ്പന കൗണ്ടറുകൾ

ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരിക്കുന്ന സംസ്ഥാനത്തെ മദ്യവിൽപ്പന പുനരാരംഭിക്കാനുള്ള ചർച്ചകളും തയ്യാറെടുപ്പുകളും പുരോഗമിക്കുന്നു. ലോക്ക് ഡൗണിന് ശേഷം മദ്യശാലകൾ തുറന്നാൽ മതിയെന്നാണ് ധാരണ. മേയ് 17ന് ശേഷം ലോക്ക് ഡൗൺ തുടരുകയാണെങ്കിൽ ഈ മേഖലക്ക് ഇളവ് നൽകി മദ്യവിൽപ്പന ആരംഭിക്കും

ബാറുകൾ വഴി മദ്യം പാഴ്‌സലായി നൽകും. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യും. ഇതിനായുള്ള നീക്കം എക്‌സൈസ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ബെവ്‌കോ, കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകളിൽ മദ്യവിൽപ്പന ആരംഭിക്കുന്നതിനൊപ്പം സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടെയും മദ്യവിൽപ്പന തുടങ്ങും.

കള്ള് ഷാപ്പുകൾ നാളെ മുതൽ തുറക്കും. കള്ളു ഷാപ്പുകളിൽ ഒറ്റ കൗണ്ടറുകൾ മാത്രമായിരിക്കും പ്രവർത്തിക്കുക. കള്ള് വാങ്ങേണ്ടവർ കുപ്പിയുമായി വരണം. 3000ത്തിലധികം ഷാപ്പുകൾ നാളെ തുറക്കുമെന്നാണ് കണക്കുകൂട്ടൽ. കള്ളുഷാപ്പുകളിൽ ഭക്ഷണം അനുവദിക്കില്ല. ഇന്ന് മദ്യപിക്കാനും അനുമതിയുണ്ടാകില്ല.

മൊബൈൽ ആപ്പ് വഴി മദ്യം വിൽക്കാനുള്ള ആലോചനയും പുരോഗമിക്കുന്നുണ്ട്. ആപ് വഴി മദ്യം വിറ്റാൽ ക്രമാതീതമായ തിരക്ക് ഒഴിവാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. മദ്യം വാങ്ങാൻ വാട്‌സാപ്പ് വഴി മുൻകൂട്ടി ടോക്കൺ എടുത്ത് അതിലൂടെ ലഭിക്കുന്ന സമയത്ത് വിൽപ്പന കേന്ദ്രത്തിലെത്തി മദ്യം വാങ്ങുന്നതാണ് സമ്പ്രദായം.

Share this story