വന്ദേഭാരത് മിഷൻ രണ്ടാം ഘട്ടം: കേരളത്തിലേക്ക് 18 വിമാനങ്ങൾ കൂടി ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തും

വന്ദേഭാരത് മിഷൻ രണ്ടാം ഘട്ടം: കേരളത്തിലേക്ക് 18 വിമാനങ്ങൾ കൂടി ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തും

പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നതിന് കേന്ദസർക്കാർ ആസൂത്രണം ചെയ്ത വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ട ഷെഡ്യൂളിന്റെ കരട് രൂപം തയ്യാറായി. ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് 34 വിമാനങ്ങൾ മെയ് 16നും 25നും ഇടയിൽ ഇന്ത്യയിലെത്തും. ഇതിൽ 18 വിമാനങ്ങളും കേരളത്തിലേക്കാണ്. കണ്ണൂരിലേക്കും വിമാന സർവീസുണ്ടാകും

യുഎഇയിൽ നിന്ന് 11 വിമാനങ്ങളാണ് രണ്ടാം ഘട്ടത്തിൽ ഇന്ത്യയിലേക്ക് എത്തുന്നത്. ഇതിൽ ആറെണ്ണം കേരളത്തിലേക്കാണ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് രണ്ടെണ്ണം വീതവും കണ്ണൂർ കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് ഓരോ വിമാനങ്ങളും എത്തും.

മംഗലാപുരം, വിശാഖപട്ടണം, ഭുവനേശ്വർ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് മറ്റ് വിമാനങ്ങൾ. സൗദിയിൽ നിന്ന് മൂന്ന് വിമാനങ്ങളാണ് കേരളത്തിലേക്ക് എത്തുന്നത്. റിയാദിൽ നിന്ന് കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും ദമാമിൽ നിന്ന് കൊച്ചിയിലേക്ക് ഒരു വിമാനവുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്കും സൗദിയിൽ നിന്ന് വിമാന സർവീസുണ്ടാകും

ബഹ്‌റൈനിൽ നിന്ന് രണ്ട് വിമാനങ്ങൾ രണ്ടാം ഘട്ടത്തിൽ സർവീസ് നടത്തും. ഇതിലൊന്ന് മനാമയിൽ നിന്ന് തിരുവനന്തപുരത്തേക്കും മറ്റൊന്ന് ഹൈദരാബാദിലേക്കുമാണ്. കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് ഒരു വിമാനവും തിരുവനന്തപുരത്തേക്ക് ഒരു വിമാനവും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്

ഒമാൻ മസ്‌കത്തിൽ നിന്ന് തിരുവനന്തപുരം, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക് ഒരോ വിമാനങ്ങൾ എത്തും. സലാലയിൽ നിന്ന് കോഴിക്കോടേക്കും ഒരു വിമാനം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഖത്തറിൽ നിന്ന് കണ്ണൂരിലേക്കോ കോഴിക്കോടേക്കോ സർവീസ് ഉണ്ടാകും. ദോഹയിൽ നിന്ന് കൊച്ചിയിലേക്കും സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. 180 യാത്രക്കാരെയാണ് ഒരു വിമാനത്തിൽ കൊണ്ടുവരിക.

Share this story