കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ചത് കുവൈറ്റിൽ നിന്നെത്തിയ ഗർഭിണിയായ യുവതിക്ക്

കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ചത് കുവൈറ്റിൽ നിന്നെത്തിയ ഗർഭിണിയായ യുവതിക്ക്

കോട്ടയം ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് വയസ്സുകാരന്റെ അമ്മയ്ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

അമ്മയുടെ സാമ്പിൾ പരിശോധനാ ഫലം പോസിറ്റീവാകുകയായിരുന്നു. യുവതി ഗർഭിണി കൂടിയാണ്. ഇവർ നിലവിൽ കുട്ടിക്കൊപ്പം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മെയ് ഒമ്പതിന് കുവൈറ്റിൽ നിന്നാണ് ഇവർ നാട്ടിലെത്തിയത്.

കിടങ്ങൂർ സ്വദേശിയായ യുവതിയുടെയും കുട്ടിയുടെയും സാമ്പിൾ ഒരേ ദിവസമാണ് ശേഖരിച്ചത്. കുട്ടിക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും യുവതിയുടെ പരിശോധനാ ഫലം അപൂർണമാകുകയും വീണ്ടും സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയക്കുകയുമായിരുന്നു

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള 3 പേർക്കും, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള 2 പേർക്കും കോട്ടയം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 4 പേർ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേർ ചെന്നൈയിൽ നിന്നും വന്നതാണ്. 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയിൽ നിന്നുള്ള 2 പേർക്ക് സമ്പർക്കത്തിലൂടെ രോഗമുണ്ടായത് ചെന്നൈയിൽ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ്. മലപ്പുറം ജില്ലയിൽ നിന്നുള്ള ഒരാളും കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാളും വയനാടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ്. ഇവർക്കും ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗമുണ്ടായത്. ഇതോടെ ഈ ട്രക്ക് ഡ്രൈവറിൽ നിന്നും 10 പേർക്കാണ് രോഗം പടർന്നത്. അതേസമയം കൊല്ലം ജില്ലയിൽ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്.

Share this story