സംസ്ഥാനത്ത് കള്ളുഷാപ്പുകൾ ഇന്ന് മുതൽ പ്രവർത്തിക്കും; മദ്യവില കുത്തനെ കൂട്ടാനും ധാരണ

സംസ്ഥാനത്ത് കള്ളുഷാപ്പുകൾ ഇന്ന് മുതൽ പ്രവർത്തിക്കും; മദ്യവില കുത്തനെ കൂട്ടാനും ധാരണ

സംസ്ഥാനത്ത് ഇന്ന് മുതൽ കള്ളുഷാപ്പുകൾ തുറന്ന് പ്രവർത്തിക്കും. ഷാപ്പുകളിൽ ഇരുന്ന് കുടിക്കാൻ അനുമതിയില്ല. കുപ്പിയുമായി വന്നാൽ പാഴ്‌സൽ വാങ്ങി പോകാം. ഭക്ഷണത്തിനും അനുമതിയില്ല. ഒരു കൗണ്ടർ മാത്രമാകും ഷാപ്പുകളിൽ പ്രവർത്തിക്കുക

കള്ളു വാങ്ങേണ്ടവർ കുപ്പിയുമായി എത്തണം. മൂവായിരത്തിലധികം ഷാപ്പുകൾ നാളെ തുറക്കുമെന്നാണ് കണക്കുകൂട്ടൽ. പാലക്കാട് നിന്ന് മറ്റ് ജില്ലകളിലേക്ക് കള്ള് കൊണ്ടുപോകാനുള്ള അനുമതിയുണ്ടാകും. കള്ളുഷാപ്പുകളിൽ കർശന നിരീക്ഷണം നടത്തണമെന്ന് എക്‌സൈസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് മദ്യവില ഉയർത്താൻ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. മദ്യത്തിന് 35 ശതമാനം വില വർധിപ്പിക്കാനാണ് തീരുമാനം. കെയ്‌സിന് 400 രൂപയിൽ താഴെയാണെങ്കിൽ പത്ത് ശതമാനം നികുതി വർധിപ്പിക്കും. ബിയറിനും പത്ത് ശതമാനം നികുതി ഏർപ്പെടുത്തും. ഒരു കുപ്പിക്ക് ഇതോടെ അമ്പത് രൂപ വരെ വർധിക്കാനാണ് സാധ്യത.

മെയ് 17ന് ശേഷം സംസ്ഥാനത്ത് മദ്യവിൽപ്പന ആരംഭിക്കാൻ ധാരണയായിട്ടുണ്ട്. തിരക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഓൺലൈൻ വഴിയാകും മദ്യവിൽപ്പന. ഇതിനായുള്ള മൊബൈൽ ആപും വെബ്‌സൈറ്റും തയ്യാറാക്കും. ബാറുകൾ വഴി മദ്യം പാഴ്‌സൽ നൽകാനും തീരുമാനമായിട്ടുണ്ട്. ബെവ്‌കോയിൽ വിൽക്കുന്ന അതേ നിരക്കിൽ വേണം ബാറുകളിലെ കൗണ്ടറുകൾ വഴിയും മദ്യം വിൽക്കാൻ. ബാറുകളുടെ കൗണ്ടറുകളിലും ഓൺലൈൻ സംവിധാനം ഏർപ്പാടാക്കും.

Share this story