സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചവരിൽ രണ്ട് പേർ പോലീസുദ്യോഗസ്ഥർ; രോഗം പിടിപെട്ടത് വയനാട്ടിലെ ട്രക്ക് ഡ്രൈവറില്‍ നിന്ന്‌

സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചവരിൽ രണ്ട് പേർ പോലീസുദ്യോഗസ്ഥർ; രോഗം പിടിപെട്ടത് വയനാട്ടിലെ ട്രക്ക് ഡ്രൈവറില്‍ നിന്ന്‌

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ പോലീസുദ്യോഗസ്ഥർ. മലപ്പുറം, കണ്ണൂർ സ്വദേശികളാണ് ഇവർ. വയനാടാണ് ഇവർ ജോലി ചെയ്തിരുന്നത്. കോയമ്പേട് പച്ചക്കറി മാർക്കറ്റിൽ പോയി വന്ന ട്രക്ക് ഡ്രൈവർ വഴിയാണ് ഇവർക്കും രോഗം ബാധിച്ചത്. ട്രക്ക് ഡ്രൈവറിൽ നിന്ന് ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം പത്തായി.

ഇന്ന് 10 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള 3 പേർക്കും, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള 2 പേർക്കും കോട്ടയം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4 പേർ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേർ ചെന്നൈയിൽ നിന്നും വന്നതാണ്. 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

അതേസമയം കൊല്ലം ജില്ലയിൽ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. 490 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. നിലവിൽ ആകെ 34 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 34,447 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 33,953 പേർ വീടുകളിലും, 494 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 168 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 39,380 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 38,509 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 4268 സാമ്പിളുകൾ ശേഖരിച്ചതിൽ 4065 സാമ്പിളുകൾ നെഗറ്റീവ് ആയി.

Share this story