എന്തിനുമേതിനും കുറ്റം കണ്ടെത്തുന്ന ചെന്നിത്തല; ബാറുകളിലൂടെയുള്ള പാഴ്‌സൽ വിൽപ്പന സിപിഎമ്മിന് പണം പിരിക്കാനുള്ള അടവെന്ന് പ്രതിപക്ഷ നേതാവ്

എന്തിനുമേതിനും കുറ്റം കണ്ടെത്തുന്ന ചെന്നിത്തല; ബാറുകളിലൂടെയുള്ള പാഴ്‌സൽ വിൽപ്പന സിപിഎമ്മിന് പണം പിരിക്കാനുള്ള അടവെന്ന് പ്രതിപക്ഷ നേതാവ്

ബാറുകളിൽ പാഴ്‌സൽ കൗണ്ടർ അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബെവ്‌കോക്ക് ചില്ലറ വിൽപ്പന ശാല തുടങ്ങാൻ നാല് ലക്ഷം രൂപ ലൈസൻസ് ഫീ നൽകണമെന്നിരിക്കെ ബാറുകൾക്ക് ചില്ലറ വിൽപ്പനക്ക് അനുമതി നൽകുന്നത് സൗജന്യമായാണെന്ന് ചെന്നിത്തല ആരോപിച്ചു. കൊവിഡിന്റെ മറവിൽ സിപിഎമ്മിന് പണമുണ്ടാക്കാനുള്ള തീവെട്ടിക്കൊള്ളയാണ് ഇതെന്നും ചെന്നിത്തല ആരോപിച്ചു

മദ്യവിൽപ്പന ആരംഭിക്കുമ്പോൾ തിരക്ക് ഉണ്ടാകാൻ സാധ്യതയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ബാറുകൾ വഴിയും പാഴ്‌സൽ കൗണ്ടറുകൾ ആരംഭിക്കാൻ ആലോചിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ മദ്യാശാലകൾ തുറന്നപ്പോഴുണ്ടായ നിയന്ത്രണാതീതമായ തിരക്ക് ഉദാഹാരണങ്ങളായി മുന്നിലുണ്ട്. ബാറുകൾ വഴി പാഴ്‌സൽ നൽകിയാലും ബെവ്‌കോയുടെ അതേ തുകയിലായിരിക്കണം വിൽപ്പനയെന്നും സർക്കാർ പ്രത്യേകം പറയുന്നുണ്ട്. പക്ഷേ ഇത് പരാമർശിക്കാതെയാണ് ചെന്നിത്തലയുടെ ആരോപണം

വാളയാറിൽ പ്രതിഷേധിച്ച ജനപ്രതിനിധികളെ കൊവിഡ് ബാധയുടെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നത് മനുഷ്യത്വവിരുദ്ധമായ പ്രവൃത്തിയാണെന്നും ചെന്നിത്തല പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ മരണത്തിന്റെ വ്യാപാരികൾ എന്ന് വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചെന്നിത്തല ആരോപിച്ചു

Share this story