കൊച്ചിയിൽ നിന്ന് യുപിയിലേക്ക് ചരക്കുലോറിയിൽ കടക്കാൻ ശ്രമം; 72 പേർ പിടിയിൽ

കൊച്ചിയിൽ നിന്ന് യുപിയിലേക്ക് ചരക്കുലോറിയിൽ കടക്കാൻ ശ്രമം; 72 പേർ പിടിയിൽ

കൊച്ചിയിൽ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് ചരക്കുലോറിയിൽ ഉത്തർപ്രദേശിലേക്ക് കടക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. തമിഴ്‌നാട് പോലീസാണ് 72 യുപി സ്വദേശികളെ പിടികൂടി കേരളത്തിലേക്ക് മടക്കി അയച്ചത്.

മാസങ്ങൾക്ക് മുമ്പ് കമ്പിളി കച്ചവടത്തിനായി കേരളത്തിൽ എത്തിയവരാണിവർ. 40 ദിവസമായി ആലപ്പുഴയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. നാട്ടിലേക്ക് കാൽനടയായി യാത്ര ചെയ്യുമ്പോഴാണ് ചരക്കുലോറി ലഭിച്ചത്. നിലമ്പൂർ, വഴിക്കടവ്, നാടുകാണി ചെക്ക് പോസ്റ്റുകൾ താണ്ടിയ ഇവരെ മസിനഗുഡി പോലീസാണ് പിടികൂടിയത്.

കേരളത്തിന്റെ രണ്ട് ചെക്ക് പോസ്റ്റുകളും തമിഴ്‌നാടിന്റെ ഒരു ചെക്ക് പോസ്റ്റും ഇതിനോടകം ഇവർ കടന്നിരുന്നു. തുടർന്ന് കക്കനഹള്ളയിൽ വെച്ചാണ് തമിഴ്‌നാട് പോലീസ് ഇവരെ പിടികൂടിയത്. നീലഗിരി ജില്ലാ കലക്ടർക്കും പോലീസ് മേധാവിക്കും വിവരംകൈമാറി. ആർ ഡി എ സ്ഥലത്ത് എത്തി ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഭക്ഷണം നൽകിയ ശേഷം തമിഴ്‌നാട് സർക്കാർ ബസിൽ ഇവരെ എറണാകുളത്തേക്ക് തന്നെ തിരിച്ചയച്ചു

ലോക്ക് ഡൗൺ നിയമം ലംഘിച്ചതിന് ലോറി ഡ്രൈവറുടെ പേരിൽ മസിനഗുഡി പോലീസ് കേസെടുത്തു. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

Share this story