ക്വാറന്റൈൻ വിഷയത്തിൽ സംസ്ഥാനത്തിന് ആശയക്കുഴപ്പമില്ല; വി മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

ക്വാറന്റൈൻ വിഷയത്തിൽ സംസ്ഥാനത്തിന് ആശയക്കുഴപ്പമില്ല; വി മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

ക്വാറന്റൈൻ വിഷയത്തിൽ സംസ്ഥാനത്തിന് ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്വാറന്റൈൻ സർക്കാർ ഫലപ്രദമായി നടപ്പാക്കി വരുന്നുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരൻ വിമർശനം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള 48,825 പേരിൽ 48,287 പേരും വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ഹോം ക്വാറന്റൈൻ വിജയകരമായി നടപ്പാക്കാൻ സാധിച്ചിട്ടുണ്ട്. രോഗം പടർന്നു പിടിക്കുന്നത് പിടിച്ചു നിർത്താൻ കഴിഞ്ഞത് ഹോം ക്വാറന്റൈൻ വഴിയാണ്.

പുതിയ സാഹചര്യത്തിൽ പെയ്ഡ് ക്വാറന്റൈൻ സംവിധാനത്തെ കുറിച്ചും ആലോചിക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ പണം നൽകി പെയ്ഡ് ക്വാറന്റൈനിൽ പ്രവേശിപ്പിക്കുന്നതിനെ കുറിച്ചാണ് ആലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു

വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈനിൽ ഇളവ് വേണമെന്ന സംസ്ഥാനത്തിന്റെ നിർദേശം കേന്ദ്രം തള്ളിയിരുന്നു. പ്രവാസികൾക്ക് 14 ദിവസം നിർബന്ധിത ക്വാറന്റൈൻ വേണമെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്.

14 ദിവസം ക്വാറന്റൈനെന്നത് ഏഴ് ദിവസമാക്കി വെട്ടിക്കുറച്ചത് എന്തിനാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ചോദിച്ചിരുന്നു. കേരള സർക്കാർ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

Share this story