സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; വയനാട് ജില്ലയിൽ മാത്രം 5 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; വയനാട് ജില്ലയിൽ മാത്രം 5 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയിൽ 5 പേർക്കും മലപ്പുറത്ത് 4 പേർക്കും ആലപ്പുഴ കോഴിക്കോട് ജില്ലകളിൽ രണ്ട് പേർക്ക് വീതവും കൊല്ലം, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 7 പേർ വിദേശത്ത് നിന്നും വന്നവരാണ്. തമിഴ്‌നാട്ടിൽ നിന്നെത്തിയ നാല് പേർക്കും മുംബൈയിൽ നിന്നെത്തിയ 2 പേർക്കും പരിശോധനാ ഫലം പോസിറ്റീവാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതുവരെ 576 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 80 പേർ നിലവിൽ ചികിത്സയിലാണ്

48825 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 48280 പേർ വീടുകളിലും 538 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രോഗലക്ഷണങ്ങളോടെ ഏറ്റവും കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മലപ്പുറത്താണ്. 36 പേരെയാണ് മലപ്പുറത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോഴിക്കോട് 17 പേരെയും കാസർകോട് 16 പേരെയും രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19 പേരാണ് വയനാട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ഇപ്പോൾ ആശുപത്രിയിൽ കഴിയുന്നത്. ഇതുവരെ 42201 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 40639 എണ്ണത്തിലും രോഗബാധയില്ലെന്ന് കണ്ടെത്തി.

Share this story