പാസ് എന്നാൽ വെറും കടലാസല്ല; ചെക്ക് പോസ്റ്റിൽ വിളിക്കാതെ പോയി കൊവിഡ് വാങ്ങിയാൽ സീറോ ആകും

പാസ് എന്നാൽ വെറും കടലാസല്ല; ചെക്ക് പോസ്റ്റിൽ വിളിക്കാതെ പോയി കൊവിഡ് വാങ്ങിയാൽ സീറോ ആകും

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന മലയാളികളുടെ പാസുമായി ബന്ധപ്പെട്ട് കോൺഗ്രസ് വൃത്തികെട്ട പിൻവാതിൽ രാഷ്ട്രീയം കളിക്കുന്നതിനിടെ ശ്രദ്ധേയമായ കുറിപ്പുമായി ഒരു ഡോക്ടർ. ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന മലയാളികൾക്ക് വേണ്ടി സർക്കാർ ഏർപ്പെടുത്തിയ പാസിന്റെ ആവശ്യകതയെ കുറിച്ചാണ് ഡോ. പി കെ ഷമീർ എഴുതിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ അസി. പ്രൊഫസറും കൊവിഡ് ഐസോലേഷൻ വാർഡ് ചുമതലക്കാരനുമാണ് ഡോ. പി കെ ഷമീർ.

കുറിപ്പിന്റെ പൂർണരൂപം

ഇപ്പോൾ ദിനം പ്രതി കൂടുന്ന കോവിഡിൻ്റെ എണ്ണം നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ?

പാസ്സ് ഇല്ലാതെ ബോർഡറിൽ വരുന്നവരെ കയറ്റി വിടാത്തത് മനുഷ്യാവകാശലംഘനം ആണെന്ന് നിങ്ങൾക്ക് തോന്നുന്നോ?

രണ്ടാണെങ്കിലും നമ്മൾ കളിക്കുന്നത് ആരോടാണെന്നു നിങ്ങൾക്ക് ശരിക്കും മനസ്സിലായിട്ടില്ല.

വഴിയിൽ കൂടി പോകുന്നവരുടെയെല്ലാം ശരീരത്തിൽ കോവിഡ് വൈറസ് കയറി പിടിക്കുന്ന നാട്ടിൽ നിന്ന് ആളുകളെ ഇങ്ങോട്ട് കൊണ്ട് വരുമ്പോൾ നമുക്ക് അറിയാത്തതാണോ അവരുടെ ശരീരത്തിൽ വൈറസ് ഉണ്ടാകുമെന്ന്? പിന്നെ കൊണ്ടു വന്നത് എന്തിനാ?
ആ ശരീരത്തിൽ വൈറസ് ഇന്നലെ കയറിയതാണ്. അതിനു മുൻപേ അതിൽ ഒഴുകുന്ന ചോര നമ്മുടേതാണ്. ആ ശരീരത്തിൽ നിന്നും ഒഴുകിയ വിയർപ്പിന്റെ ഗുണം അനുഭവിച്ചതും നമ്മളാണ്. ആ ഓർമ്മ ഉള്ളതുകൊണ്ടാണ് അവർക്ക് വരണമെങ്കിൽ വന്നോട്ടെ എന്ന് തീരുമാനിച്ചത്. സ്വാഭാവികമായും അവരിലുള്ള വൈറസ് ഇവിടെയെത്തും. ആ വൈറസ് അവരുടെ കാറിൽ നിന്നോ വീട്ടിൽ നിന്നോ പറന്നു വന്ന് നമ്മുടെ വീട്ടിൽ കയറാനൊന്നും പോകുന്നില്ല. കിട്ടണമെങ്കിൽ അവരുടെ കൂടെ പോയി സഹവസിച്ച് വാങ്ങിക്കണം. അതുകൊണ്ട് ഈ കൂടുന്ന എണ്ണം ഓർത്തു ആരും ദുഖിക്കേണ്ട. ആ വൈറസ് ആ ശരീരങ്ങളിൽ തന്നെ നശിച്ചു ഒതുങ്ങിക്കോളും. അത് വാങ്ങിച്ചു വെക്കാതിരിക്കാൻ ഉള്ളത് എല്ലാ നാം പഠിച്ചിട്ടുണ്ട്. ശാരീരിക അകലം, മുഖാവരണം, കൈ കഴുകൽ. മൂന്നു മുദ്രാവാക്യം മറക്കാതെ ഉരുവിട്ട് കൊണ്ടിരിക്കണം. ഉരുവിട്ടാൽ പോരാ, പ്രാവർത്തികമാക്കണം.

ഇനി പരാതിക്കാരോട്. വരുന്ന ആളുകളെ ഒന്നാകെ ഓരോ ബാത്ത് അറ്റാച്ഡ് റൂമിൽ രണ്ടാഴ്ച താമസിപ്പിക്കണം എന്നതായിരുന്നു നിങ്ങളുടെ ആഗ്രഹം എങ്കിൽ തെറ്റൊന്നും ഇല്ല. ഞങ്ങളുടെയും ആഗ്രഹവും അതൊക്കെ തന്നെ. പക്ഷേ എല്ലാ ആഗ്രഹങ്ങളും നടക്കില്ലല്ലോ. നമ്മളെക്കാൾ നൂറിരട്ടി സമ്പാദ്യമുള്ള ദുബായിലും അമേരിക്കയിലും നടക്കുന്നില്ല. അപ്പോഴാണ് ലോട്ടറി, കള്ള് കച്ചവടം കൊണ്ട് ജീവിച്ചു പോകുന്ന നമ്മൾ. പിന്നെ പോംവഴി എന്താണ്, അതാണ് നമ്മൾ പുച്ഛത്തോടെ കാണുന്ന ഹോം ക്വാറന്റൈൻ. എന്നാൽ ഹോം ക്വാറന്റൈൻ അത്ര മോശം ക്വാറന്റൈൻ അല്ല കേട്ടോ, മര്യാദക്ക് ചെയ്‌താൽ. കഴിഞ്ഞ തവണ നമ്മൾ ശ്രമിച്ചിട്ട് വളരെ കുറച്ചാണ് പാളിയത്. പാളിച്ച വരാൻ ഒറ്റ സാധ്യതയേ ഉള്ളൂ. ജനം തങ്ങളുടെ ബാധ്യതകൾ മറക്കുമ്പോൾ. സാമൂഹിക ബോധം ഇല്ലാതാകുമ്പോൾ.

പാസ്സ് എന്നാൽ വെറും ഒരു കടലാസ്സുമല്ല:

ഒരാൾ അതിർത്തി കടന്നു വരുമ്പോൾ വെറുതെ വീട്ടിൽ പോയിരുന്നോളാൻ പറഞ്ഞു വിടുകയാണെന്ന് കുറച്ചു പേരെങ്കിലും ധരിച്ചിട്ടുണ്ടാകും. എന്നാൽ തെറ്റി. ഒരു പാസ്സിന് അപേക്ഷിക്കുന്നത് മുതൽ നിരവധി ഘട്ടങ്ങൾ ആയുള്ള, നിരവധി ആളുകളുടെ ഭഗീരഥ പ്രയത്നമാണ് അതിൽ നടക്കുന്നത്. അയാളുടെ അഭ്യർത്ഥന ആദ്യം ജില്ലാ ഭരണകൂടം അയാളുടെ സ്ഥലത്തെ ആരോഗ്യ പ്രവർത്തകർക്കു കൈമാറും. അയാൾ കൊടുത്ത അഡ്രസ്സിലെ വീട്ടിൽ ആരോഗ്യപ്രവർത്തകർ സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തും. സൗകര്യങ്ങൾ അപര്യാപ്തമാണെങ്കിൽ പകരം സജ്ജീകരണങ്ങൾ കണ്ടെത്തും. വീട്ടിലെ മുറിയാണോ, അല്ലെങ്കിൽ മറ്റൊരു വീട് കണ്ടെത്തലാണോ, ബന്ധുക്കളെ മാറ്റലാണോ, ഇതെല്ലാം ജീവനക്കാർ ബന്ധുക്കളുമായി ആലോചിച്ചാണ് ക്വാറന്റൈൻ സ്ഥലം തീരുമാനിക്കുന്നത്. ഇതിന് ശേഷമാണ് നിശ്ചിത പാസ്സ് നൽകുന്നത്. ഈ പാസ്സുമായി വരുന്നവരെ അതിർത്തിയിൽ പരിശോധിക്കുമ്പോൾ പ്രസ്തുത വിവരം തത്സമയം തന്നെ വ്യക്തിയുടെ മേഖലയിലെ ആരോഗ്യ വിഭാഗത്തെ അറിയിച്ച ശേഷമാണ് അയാളെ യാത്ര ചെയ്യാൻ അനുവദിക്കുന്നത്. അയാൾ പ്രസ്തുത സ്ഥലത്ത് റിപ്പോർട്ട്‌ ചെയ്‌തെന്നും ക്വാറന്റൈനിൽ പ്രവേശിച്ചെന്നും തിരിച്ച് സന്ദേശവും നൽകണം. അവിടുത്തെ ആരോഗ്യ പ്രവർത്തകർ അവരോട് ഫോണിൽ ബന്ധപ്പെട്ട് സുഖ വിവരങ്ങൾ ആരാഞ്ഞു കൊണ്ടിരിക്കണം. എന്തെങ്കിലും അസുഖ ലക്ഷണം ഉണ്ടെങ്കിൽ ഉടൻ ടെസ്റ്റിന് വിധേയമാക്കണം. ആശുപത്രിയിൽ ഐസൊലേഷൻ മുറി സജ്ജമാക്കണം. ഈ കാര്യങ്ങളൊക്കെ ചെയ്യാൻ വിദേശത്ത് നിന്ന് ആളെ ഇറക്കുമതി ചെയ്തിട്ടില്ല, യന്ത്രമനുഷ്യൻമാരുമില്ല. നമ്മുടെ പ്രഷറും ഷുഗറും നോക്കി മരുന്ന് തരികയും, കുഞ്ഞുങ്ങൾക്ക് വാക്സിൻ കുത്തുകയും, വീട് വീടാന്തരം കയറി ആരോഗ്യകാര്യങ്ങൾ തിരക്കുകയുമൊക്കെ ചെയ്തു കൊണ്ടിരുന്ന സർക്കാംർ ഡോക്ടർമാരും നഴ്സുമാരും, ഹെൽത്ത് ഇൻസ്പെക്ടർമാരും, ആശ, അംഗൻവാടി പ്രവർത്തകരും ഒക്കെ തന്നെ. അവരുടെ പഴയ ജോലികൾ ചെയ്യാനും മറ്റാരും വന്നിട്ടില്ല.
ഇങ്ങനെ ഒത്തിരി പദ്ധതികൾ ആസൂത്രണം ചെയ്തു വെച്ച ഒരു രേഖയാണ് ഈ പാസ്സ്. പലരും വിചാരിച്ച പോലെ ബസ്സിലും തീവണ്ടിയിലും സൗജന്യ യാത്രക്കു വേണ്ടി കൊണ്ടു നടക്കുന്ന പോലത്തെ കടലാസ്സ് കഷണമല്ല. പാസ്സില്ലാതെ വരുമ്പോൾ തെറ്റുന്നത് ഈ പ്ലാനിംഗാണ്. സമയം നഷ്ടപ്പെടുന്നത് എല്ലാവർക്കുമാണ്. രോഗവ്യാപനത്തിൻ്റെ റിസ്കും എല്ലാവർക്കുമാണ്.

ഇനി ഇതൊക്കെ തെറ്റിക്കാനും മാർഗങ്ങളുണ്ട്. പാസ്സ് ഇല്ലാതെ അതിർത്തിയിൽ വരാം. അവിടെ തിക്കും തിരക്കും ഉണ്ടാക്കാം. പാവം പോലീസുകാരൻ്റെ നെഞ്ചത്തേക്ക് കയറാം, അവരുടെ വായിലേക്ക് വൈറസ് ഊതിക്കൊടുക്കാം. എല്ലാവരുടേയും കണ്ണ് വെട്ടിച്ചു അതിർത്തി കടക്കാൻ ശ്രമിക്കാം. അതിർത്തിയിൽ പാസ്സ് കാണിച്ചു പറഞ്ഞ സ്ഥലത്തേക്ക് പോകാതെ മുങ്ങാൻ ശ്രമിക്കാം.

ഇതെല്ലാം തെറ്റിക്കാമെന്ന് വിചാരിക്കുന്നവരോട് അവസാനമായി ഒരു ഉപദേശം കൂടി. നിങ്ങളെ ഇവിടെയെത്തിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒരു പ്രത്യുപകാരമാണ് അച്ചടക്കത്തോടെയുള്ള ക്വാറന്റൈൻ. അതു തെറ്റിയാൽ അപകടം എല്ലാവർക്കുമാണ്. അപകടത്തിൽ ആദ്യം നിങ്ങളുടെ കുടുംബമാണ്. അവിടുത്തെ പ്രായം കൂടിയവരാണ്. അവരെ അപകടത്തിലാക്കരുത്.

അനുസരണക്കേട് കാണിക്കുന്ന ഓരോരുത്തരുടെയും മനസ്സിൽ ഒരു അമിത ആത്മവിശ്വാസമുണ്ടാകും. തങ്ങൾക്ക് ഒരു മൂക്കൊലിപ്പു പോലുമില്ലല്ലോ, അതു കൊണ്ട് ക്വാറന്റൈൻ തെറ്റിച്ചാലും ആരും അറിയില്ലല്ലോ. എന്നാൽ ഇതുവരെ കേരളത്തിൽ ഉണ്ടായ കഥ നിങ്ങൾ അറിഞ്ഞിട്ടില്ല. ഒരു ലക്ഷണവും ഇല്ലാത്ത അനുസരണക്കേട് കാട്ടിയവർ കുറേ പേരെ രോഗികളാക്കിയിട്ടുണ്ട്. രോഗി ആയി കഴിയുമ്പോൾ കഥകൾ പുറത്തു വരിക തന്നെ ചെയ്യും. നിങ്ങൾ പോയ വഴികൾ എല്ലാം വിചാരണ ചെയ്യപ്പെടും. നിങ്ങളെ ഒരു വില്ലനാക്കി ചിത്രീകരിക്കും. അതുകൊണ്ട് ഒരു പതിനാല് ദിവസം നിങ്ങൾ നാടിന് വേണ്ടി ത്യാഗം ചെയ്യുവിൻ.

ഇതൊന്നുമല്ല വോട്ട് കിട്ടലും തിരഞ്ഞെടുപ്പും ആണ് ഈ സമയത്ത് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഒറ്റ കാര്യം, നമ്മൾ ഉണ്ടെങ്കിലല്ലേ തെരഞ്ഞെടുപ്പും ജയവും. ആശുപത്രിയിൽ രോഗിയെ പരിചരിച്ച് കോവിഡ് കിട്ടി രക്തസാക്ഷി ആയാൽ ഹീറോ ആകും, ചെക്ക് പോസ്റ്റിൽ വിളിക്കാതെ പോയി കോവിഡ് വാങ്ങിയാൽ ഹീറോയല്ല ഒരു വലിയ സീറോ ആകും. സിനിമയിൽ പറഞ്ഞ പോലെ വിഡ്ഢിയുടെ സാഹസം അല്ല ധൈര്യം. ചുമരുണ്ടെങ്കിൽ അല്ലേ നമ്മുടെ ചിഹ്നം വരക്കാൻ എങ്കിലും കഴിയൂ

ഇപ്പോൾ ദിനം പ്രതി കൂടുന്ന കോവിഡിൻ്റെ എണ്ണം നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ? പാസ്സ് ഇല്ലാതെ ബോർഡറിൽ വരുന്നവരെ കയറ്റി…

Posted by Shameer Vk on Thursday, May 14, 2020

Share this story