കൊവിഡ് പ്രതിരോധവുമായി ബന്ധമില്ലാത്ത പാക്കേജ്; കേന്ദ്ര പാക്കേജിനെ വിമർശിച്ച് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധവുമായി ബന്ധമില്ലാത്ത പാക്കേജ്; കേന്ദ്ര പാക്കേജിനെ വിമർശിച്ച് മുഖ്യമന്ത്രി

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രതിരോധവുമായി ബന്ധമില്ലാത്ത പാക്കേജാണ് പ്രക്യാപിച്ചത്. നിലവിലെ സാഹചര്യത്തിൽ പൊതുജനാരോഗ്യത്തിന് കൂടുതൽ ഊന്നൽ നൽകിയുള്ള പാക്കേജാണ് വേണ്ടിയിരുന്നതെന്നും എന്നാൽ അതുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൗജന്യ റേഷൻ അടക്കം കൂട്ടിയാൽ പോലും സാധാരണക്കാരുടെ കൈയിലേക്ക് പണമായി ഖജനാവിൽ നിന്ന് എത്തുന്നത് മൊത്തം പാക്കേജിന്റെ അഞ്ച് ശതമാനം പോലും വരില്ല. അതേസമയം കോർപറേറ്റ് കമ്പനികൾക്ക് ഉദാരമായി നികുതിയിളവ് നൽകി.

ആർബിഐ പണനയത്തിന്റെ ഭാഗമായി ബാങ്കുകൾക്ക് ലഭ്യമാക്കിയ തുകയും ഈ ബാങ്കുകൾ കൃഷിക്കാർക്കും ചെറുകിട കച്ചവടക്കാർക്കും നൽകുന്ന തുകയുമാണ് പാക്കേജിന്റെ സിംഹഭാഗവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെയും മുഖ്യമന്ത്രി വിമർശിച്ചു.

കേന്ദ്രം എംഎസ്എംഇ മേഖലയിൽ പ്രഖ്യാപിച്ച വായ്പാ പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കും. ഭക്ഷ്യമേഖലയിലെ മൈക്രോ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തിലെ ഉൾപ്പെടുത്താൻ ശ്രമിക്കും. സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയർത്തിയ തീരുമാനം സ്വാഗതാർഹമാണ്. പക്ഷേ നിബന്ധനപ്രകാരം കേരളത്തിന് 4500 കോടി രൂപ മാത്രമേ നിബന്ധനയില്ലാതെ വായ്പ ലഭിക്കൂ.

തൊഴിലുറപ്പ് പദ്ധതിയിൽ 40,000 കോടിയുടെ വർധനവ് അനുവദിച്ചത് പൂർണതോതിൽ പ്രയോജനപ്പെടുത്തും. നബാർഡ് വഴി ലഭ്യമാകുന്ന 2500 കോടിയുടെ അധികസഹായം തദ്ദേശസ്ഥാപനങ്ങൾ സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവയുമായി ചേർന്ന് വിനിയോഗിക്കും.

Share this story