സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതി, നിയന്ത്രണങ്ങൾ കർശനമാക്കും; പ്രവാസികൾക്ക് മുന്നിൽ ഒരു വാതിലും കൊട്ടിയടക്കില്ലെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതി, നിയന്ത്രണങ്ങൾ കർശനമാക്കും; പ്രവാസികൾക്ക് മുന്നിൽ ഒരു വാതിലും കൊട്ടിയടക്കില്ലെന്നും മുഖ്യമന്ത്രി

വിദേശത്ത് നിന്ന് വരുന്നവരെല്ലാം രോഗവാഹകരോ, മാറ്റി നിർത്തപ്പെടേണ്ടവരോ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ നടത്തുന്ന കുപ്രചാരണങ്ങളിൽ ജനം വീണുപോകരുത്. പ്രവാസികളുടെ കൂടി നാടാണിത്. അവർക്ക് മുന്നിൽ ഒരു വാതിലും കൊട്ടിയടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

പുതുതായി രോഗബാധയുണ്ടായത് പുറത്തുനിന്ന് വന്നവർക്കാണെന്ന് താൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് ചില കേന്ദ്രങ്ങൾ തെറ്റായ വ്യാഖ്യാനം നൽകി പ്രചരിപ്പിച്ചു. നമ്മുടെ സഹോദരങ്ങൾക്ക് വരാൻ അവകാശമുള്ള മണ്ണിലേക്കാണ് വരുന്നത്. അവരെ സംരക്ഷിക്കണം. വരുന്നവരിൽ ഭൂരിഭാഗം പേരും രോഗബാധയില്ലാത്തവരാണ്. എന്നാൽ ചിലർ രോഗവാഹകരാണ്.

വരുമ്പോൾ തന്നെ രോഗവാഹകരെ തിരിച്ചറിയാൻ സാധിക്കില്ല. അത്തരമൊരു ഘട്ടത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക മാത്രമേ വഴിയുള്ളു. അതവരുടെ രക്ഷക്കും ജനങ്ങളുടെ സുരക്ഷക്കും വേണ്ടിയാണ്.

സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. എന്നാൽ ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. തുടർന്നുള്ള നാളുകളിൽ ചില പ്രത്യേക മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ കർശനമാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this story