സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂര്‍ സ്വദേശികളായ 12 പേര്‍ക്കും, കസര്‍ഗോഡ് സ്വദേശികളായ ഏഴ് പേര്‍ക്കും, കോഴിക്കോട്, പാലക്കാട് സ്വദേശികളായ അഞ്ച് പേര്‍ക്ക് വീതവും, തൃശൂര്‍ മലപ്പുറം സ്വദേശികളായ നാല് പേര്‍ക്ക് വീതവും, കോട്ടയം സ്വദേശികളായ രണ്ട് പേര്‍ക്കും, കൊല്ലം, പത്തനംതിട്ട വയനാട് സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് ഇന്ന് കൊവിഡ് ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരാണ്. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വന്ന ഓരോരുത്തര്‍ക്കും രോഗബാധയുണ്ടായി. വിദേശത്ത് നിന്ന് വന്ന 17 പേര്‍ക്കാണ് കൊവിഡ് ഇന്ന് പോസിറ്റീവായത്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് ഇന്ന് രോഗം സ്ഥിരീകരിച്ചത് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്.

 

സംസ്ഥാനത്ത് ഇതുവരെ 732 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 216 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 84258 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്.

83649 പേര്‍ വീടുകളിലും 609 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 51310 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതില്‍ 49535 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Share this story