ശക്തമായ മഴ: തിരുവനന്തപുരത്ത് നൂറിലധികം വീടുകളിൽ വെള്ളം കയറി

ശക്തമായ മഴ: തിരുവനന്തപുരത്ത് നൂറിലധികം വീടുകളിൽ വെള്ളം കയറി

ശക്തമായ മഴയിൽ തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളിലെ വീടുകളിൽ വെള്ളം കയറി. അടിമലത്തുറ, അമ്പലത്തുമൂല, എന്നിവിടങ്ങളിലെ നൂറിലധികം വീടുകളിലാണ് വെള്ളം കയറിയത്. മത്സ്യത്തൊഴിലാളികൾ പാർക്കുന്ന മേഖലയായ ഇവിടങ്ങളിൽ പ്രദേശത്ത് മുട്ടോളം വെള്ളം പൊങ്ങിയ നിലയിലാണ്.

ഓരോ മഴക്കാലത്തും മേഖലയിൽ വെള്ളപ്പൊക്കം പതിവാണെന്ന് നാട്ടുകാർ പറയുന്നു. വിഴിഞ്ഞത്തു നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളുടെ നേതൃത്വത്തിൽ വെള്ളം പമ്പ് ചെയ്തു കടലിലേക്ക് ഒഴുക്കി. വിഴിഞ്ഞം ഗംഗയാർ തോടും ശക്തമായ മഴയിൽ കരകവിഞ്ഞൊഴുകി. തോടിന്റെ ഇരുകരകളിലും സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ഉപകരണങ്ങൾ ഒഴുകിപ്പോയി.

വെങ്ങാനൂർ, പീച്ചോട്ടുകോണം, മണപ്പുറം, കുഞ്ചുകോണം എന്നിവിടങ്ങളിൽ വ്യാപകകൃഷിനാശവും സംഭവിച്ചു. വാഴ ഉൾപ്പെടെയുള്ള കൃഷിവിളകൾ വെള്ളം കയറി നശിച്ചതായി നാട്ടുകാർ പറയുന്നു.

Share this story