ആഘോഷപ്പൊലിമകളില്ലാതെ ചെറിയ പെരുന്നാളിനെ വരവേറ്റ് വിശ്വാസികൾ; ആശംസകൾ നേർന്ന് മന്ത്രിമാരും, മതനേതാക്കളും

ആഘോഷപ്പൊലിമകളില്ലാതെ ചെറിയ പെരുന്നാളിനെ വരവേറ്റ് വിശ്വാസികൾ; ആശംസകൾ നേർന്ന് മന്ത്രിമാരും, മതനേതാക്കളും

ഒരുമാസത്തെ റമദാൻ വ്രതശുദ്ധിക്ക് ശേഷം ഇസ്ലാംമത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ആഘോഷത്തിന്റെ പൊലിമ കൊവിഡ് കുറച്ചെങ്കിലും പെരുന്നാളിനെ വരവേറ്റിരിക്കുകയാണ് വിശ്വാസികൾ. കൊവിഡിനെ തുടർന്ന് പ്രധാന ചടങ്ങായ പെരുന്നാൾ നമസ്‌കാരം വീടുകളിലൊതുങ്ങിയെങ്കിലും ആഘോഷത്തിന് പൊലിമ കുറയാതെ നോക്കുകയാണ് വിശ്വാസികൾ.

ഇത്തവണ റമസാൻ മുപ്പത് പൂർത്തിയാക്കിയാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. കൊവിഡ് നിയന്ത്രണം പാലിച്ചായിരുന്നു ഈ നോമ്പ് കാലം. പുതുവസ്ത്രം പോലും വാങ്ങാതെയാണ് പലരും ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമാകുന്നത്. പെരുന്നാൾ ദിനത്തിൽ ഭക്ഷണമൊരുക്കാനുള്ള അവശ്യസാധനങ്ങൾ വാങ്ങാനാണ് വിശ്വാസികൾ വീടിന് പുറത്തിറങ്ങിയത്. മത്സ്യ-മാംസ കമ്പോളങ്ങളിൽ അതുകൊണ്ട് തന്നെ തിരക്ക് അനുഭവപ്പെട്ടു.

അതേ സമയം, പെരുന്നാൾ ദിനത്തിൽ ലോക്ക്ഡൗണിന് ഇളവ് നൽകിയെങ്കിലും ആഘോഷങ്ങൾക്ക് നിയന്ത്രണമുണ്ടാകും. വ്യാപാര കേന്ദ്രങ്ങളിലൊന്നും പെരുന്നാൾ തലേന്നത്തെ പതിവ് കാഴ്ചകളില്ലായിരുന്നു. ആളുകൾ വളരെ കുറവായിരുന്നു. വിപണിയെയും കൊവിഡ് കാലത്തെ മാന്ദ്യം ബാധിച്ചു. പെരുന്നാൾ ഒരുക്കങ്ങൾ മുതിർന്നവർ ഉൾപ്പടെ നടത്തുന്നത് വീടിനകത്തിരുന്നാണ്. ആഘോഷങ്ങൾ കുറച്ച് കൊവിഡ് മുക്തിക്കായി പ്രാർത്ഥിക്കാനാണ് വിശ്വാസികളോട് ഇത്തവണ എല്ലാ മത നേതാക്കളും ആഹ്വാനം ചെയ്തത്.

ലോകമെങ്ങുമുള്ള കേരളീയ സഹോദരങ്ങൾക്ക് ഈദുൽ ഫിത്തർ ആശംസിക്കുന്നതായി കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അറിയിച്ചു. കോവിഡ് 19 കാരണം മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയും ലോകം കടന്നുപോകുമ്പോഴാണ് റമദാനും ചെറിയ പെരുന്നാളും വരുന്നത്. ‘സഹനമാണ് ജീവിതം’ എന്ന സന്ദേശം ഉൾക്കൊണ്ട് റമദാൻ വ്രതമെടുക്കുന്നവർക്ക് സന്തോഷത്തിൻറെ ദിനമാണ് പെരുന്നാൾ. എന്നാൽ, പതിവുരീതിയിലുള്ള ആഘോഷത്തിൻറെ സാഹചര്യം ലോകത്തെവിടെയുമില്ല.
പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേർന്ന് പെരുന്നാൾ നമസ്‌കരിക്കുക എന്നത് മുസ്ലിങ്ങൾക്ക് വലിയ പുണ്യകർമമാണ്.

ഇത്തവണ പെരുന്നാൾ നമസ്‌കാരം അവരവരുടെ വീടുകളിൽ തന്നെയാണ് എല്ലാവരും നിർവഹിക്കുന്നത്. മനഃപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിൻറെ സുരക്ഷയും താൽപര്യവും മുൻനിർത്തിയാണ് മുസ്ലിം സമുദായ നേതാക്കൾ ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്. സ്ഥിതിസമത്വത്തിൻറെയും സഹനത്തിൻറെയും അനുതാപത്തിൻറെയും മഹത്തായ സന്ദേശമാണ് ഈദുൽ ഫിത്തർ നൽകുന്നത്. ഇതിൻറെ ചൈതന്യം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ, മുഖ്യ മന്ത്രി അറിയിച്ചു.

നമ്മുടെ അയൽപക്കങ്ങളിൽ ഒരാളും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. റമസാൻ മാസം അനുകൂലമായി സാക്ഷിനിൽക്കുന്ന വിശ്വാസികളുടെ സവിശേഷത, അവർ പെരുന്നാളിന് ശേഷവും പൂർണ്ണമാും ഭക്തിയിൽ ജീവിക്കുന്നവരാണ് എന്നതാണ്. അത്തരം നന്മയിൽ അധിഷ്ഠിതമാവണം നമ്മുടെ ജീവിതം. പ്രാർത്ഥനയിൽ സജീമായി പെരുന്നാൾ ദിനത്തിൽ വിശ്വാസികൾ വീടുകളിൽ തന്നെ കഴിയണമെന്നും കാന്തപുരം പറഞ്ഞു.

പ്രതിസന്ധിയാണെങ്കിലും പ്രതീക്ഷകളോടെ തന്നെ ഊദുൽ ഫിത്വറിനെ വരവേൽക്കാമെന്ന് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ പറഞ്ഞു. ലോക്ഡൗൺ ആയത് കൊണ്ട് വീടുകളിൽ ആരാധനകൾ കൊണ്ട് സമ്പന്നമാക്കുകയാണ് നാം ചെയ്തത്. കൊറോണ വയറസ് ലോകത്തെ എല്ലാ മനുഷ്യരുടെ ജീവിതത്തെയും ബാധിച്ചതിന്റെ ഫലമായാണ് നമ്മളും ഇങ്ങിനെയൊരു നിയന്ത്രരണത്തിന് വിധേയമായത്. പള്ളിയിൽ പോകാനോ ഇഹ്തികാഫിരിക്കാനോ കഴിയാത്തതിന്റെ വേദന മനസ്സിലുണ്ടെങ്കിലും മനുഷ്യകുലത്തിന്റെ നിലനിൽപ്പാണ് പ്രധാനം എന്നതിനാൽ നമ്മൾ ആ ത്യാഗത്തിന് സന്നദ്ധരാകുകയായിരുന്നുവെന്നും തങ്ങൾ പറഞ്ഞു.

Share this story