വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം; മിന്നൽ മുരളി സെറ്റ് പൊളിച്ച വിഷയത്തിൽ മുഖ്യമന്ത്രി

വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം; മിന്നൽ മുരളി സെറ്റ് പൊളിച്ച വിഷയത്തിൽ മുഖ്യമന്ത്രി

വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മിന്നൽ മുരളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റ് പൊളിച്ച വിഷയത്തിൽ  പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘സാധാരണഗതിയിൽ നാട്ടിൽ നടക്കാൻ പാടില്ലാത്ത വിഷയമാണ് നടന്നത്. ലക്ഷങ്ങൾ മുടക്കി കഴിഞ്ഞ മാർച്ചിൽ നിർമിച്ച സെറ്റാണ് ഇത്. കൊവിഡ് കാരണം ഷൂട്ടിംഗ് നീളുകയായിരുന്നു. മതവികാരം വ്രണപ്പെട്ടതിനാൽ ബജ്രംഗ്ദൾ ഷൂട്ടിംഗ് സെറ്റ് പൊളിച്ചവെന്നാണ് വാർത്ത. എച്ച്പി ജനറൽ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന വ്യക്തി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നു. ഏത് മതവികാരമാണ് വ്രണപ്പെടുന്നത് ? ആ സെറ്റ് ഉണ്ടാക്കാനിടയായ സാഹചര്യം എല്ലാവർക്കും അറിയാം. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകും’- മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ നാട്ടിൽ പല തരത്തിലുള്ള സിനിമകൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ അതൊന്നും ആരും തടയാറില്ല. അടുത്ത കാലത്തായി സിനിമാ രംഗത്ത് ചില ശക്തികൾ വർഗീയ വികാരം ഇളക്കിവിട്ടുകൊണ്ട് സിനിമയെ കടന്നാക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. നേരത്തെ ഷൂട്ടിംഗ് തടസപ്പെടുത്താനും, സിനിമാ പ്രദർശന ശാലകൾ ആക്രമിക്കാനും ശ്രമം നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ വൈകീട്ടോടെയാണ് മതവികാരം വ്രണപ്പെടുന്നുവെന്ന് ആരോപിച്ച് മിന്നൽ മുരളിയടെ സെറ്റ് ബജ്‌റംഗ്ദൾ പൊളിച്ചുകളയുന്നത്. ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളി സിനിമാ സെറ്റാണ് ബജ്‌റംഗ്ദൾ പൊളിച്ചത് . ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകർത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നിൽ ആണെന്നാണ് ഇവരുടെ ആരോപണം. എഎച്ച്പി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

Share this story