സർക്കാർ എല്ലാ രം​ഗത്തും പരാജയം; വിമർശനവുമായി രമേശ് ചെന്നിത്തല

സർക്കാർ എല്ലാ രം​ഗത്തും പരാജയം; വിമർശനവുമായി രമേശ് ചെന്നിത്തല

പിണറായി സർക്കാർ അ‍ഞ്ചാം വർഷത്തിലേയ്ക്ക് കടക്കുന്നതിനിടെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ എല്ലാ രം​ഗത്തും പരാജയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.സനാല് വർഷം കൊണ്ട് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പൂർത്തികരിച്ചുവെന്നത് അവകാശ വാദം മാത്രമാണ്. നവകേരളം നിർമ്മിക്കുമെന്ന് പറഞ്ഞ സർക്കാർ ഒരിഞ്ച് പോലും മുന്നോട്ട് പോയില്ല. സ്വജനപക്ഷപാതം, ധൂർത്ത്, രാഷ്ട്രീയ കൊലപാതകം, പ്രളയ ഫണ്ട് തട്ടിപ്പ് ഇവയൊക്കെയാണ് സർക്കാരിന്റെ നേട്ടങ്ങളെന്നും ചെന്നിത്തല പറഞ്ഞു.

 

രണ്ട് വർഷമായിട്ടും പ്രതിജ്ഞ പുതുക്കാമെന്ന് മാത്രം മുഖ്യമന്ത്രി പറയുന്നു. റീ ബിൽഡ് കേരള ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ചർച്ചകളിൽ മാത്രം ഒതുങ്ങി നിന്നു. പുതിയ കേരളത്തിനായി ഒരു പദ്ധതിയും ആരംഭിച്ചില്ല. പ്രളയത്തിൽ തകർന്നവർക്ക് വീട് നൽകിയതിൽ ഏറിയ പങ്കും സന്നധ സംഘടനകൾ നൽകിയതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് പൂർണമായും ചിലവഴിക്കാനായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

രണ്ടായിരം കോടിയുടെ തീരദേശ പാക്കേജ് പ്രഖ്യാപിച്ചിട്ട് ഒരു രൂപ പോലും ചിലവഴിച്ചില്ല. 20,000 കോടിയുടെ കൊവിഡ് പാക്കേജിൽ 14,000 കോടിയും കരാറുകാർക്ക് നൽകി. ഭരണപരാജയവും ധൂർത്തും അഴിമതിയും കൊവിഡിൻ്റെ മറവിൽ മായ്ച്ച് കളയാനാണ് സർക്കാർ ശ്രമം. കൊവിഡ് പ്രതിരോധം ജനങ്ങളുടെ നേട്ടമാണ്. പ്രതിപക്ഷം സർക്കാരുമായി എല്ലാ പ്രതിസന്ധിയിലും സഹകരിച്ചു. ഭരണപരാജയവും ധൂർത്തും, അഴിമതിയും ക്രക്കേടും ഇനിയും പറയും. ആരോഗ്യ രംഗത്തെ നേട്ടങ്ങൾ മാറി വന്ന 22 സർക്കാരുകളുടെ നേട്ടം. അത് ഒരു ഗവൺമെൻ്റിൻ്റെ നേട്ടമായി മാത്രം കാണുന്നത് ചരിത്രത്തോടുള്ള വെല്ലുവിളി. ഈ സർക്കാരിൻ്റെ നേട്ടം മാത്രമായി ചിത്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമം. പി.ആർ ഏജൻസികളെവച്ചുള്ള ഈ ശ്രമം ജനങ്ങൾ തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Share this story