ഉത്രയുടെ മരണം പോലീസ് മകന്റെ തലയിൽ കെട്ടിവെച്ചത്; സൂരജിനെ പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് പിതാവ്

ഉത്രയുടെ മരണം പോലീസ് മകന്റെ തലയിൽ കെട്ടിവെച്ചത്; സൂരജിനെ പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് പിതാവ്

ഉത്ര കൊലപാതകത്തിൽ മകൻ സൂരജിനെ ന്യായീകരിച്ച് കുടുംബം രം​ഗത്ത്. ഉത്രയുടെ മരണത്തിന്റെ ഉത്തരവാദിത്തം പൊലീസ് സൂരജിന്റെ തലയിൽ കെട്ടിവച്ചതാണെന്നും അടിച്ച് അവശനാക്കിയാണ് സൂരജിനെ കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും പിതാവ് പറഞ്ഞു.

പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നടക്കും. എല്ലാം കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.സൂരജിനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഉത്രയുടെ അച്ഛൻ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സൂരജിന്റെ കുടുംബം ആരോപിച്ചു.

കഴിഞ്ഞ ദിവസവും സൂരജിനെ പിന്തുണച്ചുകൊണ്ടാണ് കുടുംബം സംസാരിച്ചത്. മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് വിശ്വാസമെന്നും പാമ്പ് പിടുത്തക്കാരുമായി സൂരജിന് ബന്ധമില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞിരുന്നു. വലിയ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. മുറ്റത്ത് വെച്ചാണ് ഉത്രക്ക് ആദ്യം പാമ്പ് കടിയേറ്റത് എന്നും സൂരജിന്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

പാമ്പുകടിയേറ്റതിന്റെ ചികിൽസയുടെ ഭാഗമായി സ്വന്തം വീട്ടിലെത്തിയ ഉത്രയെ ഭർത്താവ് സൂരജ് കരിമൂർഖനെ കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നു. പാമ്പിനെ കൊണ്ടുവരുന്നതിനായി സൂരജ് ഉപയോഗിച്ച കുപ്പി നേരത്തേ അന്വേഷണ സംഘം കണ്ടെത്തി. ഉത്രയുടെ വീടിനടുത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് കുപ്പി കണ്ടെടുത്തത്.

Share this story