എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും

മാറ്റിവെച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും. ഉച്ചയ്ക്ക് 1.45 മുതലാണ് എസ്എസ്എൽസി പരീക്ഷ. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലാണ് പരീക്ഷ നടക്കുന്നത്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

4.22 ലക്ഷം വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷയും 4.52 ലക്ഷം പേർ ഹയർസെക്കൻഡറി പരീക്ഷയും എഴുതുന്നുണ്ട്. എസ്എസ്എൽസിക്ക് മൂന്നു പരീക്ഷകളാണ് ബാക്കിയുള്ളത്. രാവിലെ ഹയർ സെക്കൻഡറി പരീക്ഷയും ഉച്ചയ്ക്ക് ശേഷം എസ്എസ്എൽസി പരീക്ഷയുമെന്ന രീതിയിലാണ് ക്രമീകരണം. ഹയർ സെക്കൻഡറിക്ക് നാലു പരീക്ഷയാണ് നടക്കാനുള്ളത്.

സാമൂഹിക അകലം പാലിക്കാനായി ഒന്നര മീറ്റർ അകലം പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുക. പരീക്ഷാ കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും തെർമൽ സ്‌കാനിംഗ് നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. രക്ഷിതാക്കളെ കാമ്പസിനകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാൻ ഇത്തവണ അനുവാദം നൽകിയിരുന്നു. ഗൾഫിലും ലക്ഷദ്വീപിലുമുള്ളവർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർക്കും കേരളത്തിൽ പരീക്ഷ എഴുതാൻ അനുവാദം നൽകിയിട്ടുണ്ട്.

Share this story