കൊല്ലം അഞ്ചലില്‍ യുവതിയെ പാമ്പ് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: പ്രതികളെ നാലുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

കൊല്ലം അഞ്ചലില്‍ യുവതിയെ പാമ്പ് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: പ്രതികളെ നാലുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

കൊല്ലം അഞ്ചലില്‍ യുവതിയെ പാമ്പ് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ നാലുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഭര്‍ത്താവ് സൂരജിനെയും പാമ്പുപിടുത്തക്കാരനായ സുരേഷിനെയുമാണ് പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ കേന്ദ്രീകരിച്ചാവും വരും ദിവസങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക.

ആറു ദിവസത്തേക്കാണ് സൂരജിനേയും കൂട്ടുപ്രതി സുരേഷിനെയും അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. നാലു ദിവസത്തേക്ക് കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു. 29 ന് വൈകുന്നേരം 4.30 ന് പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കണം. അതേസമയം, കോടതി നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രതികളെ തിരികെ കൊണ്ടുപോകാന്‍ എത്തിച്ചപ്പോള്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങളാണ്.

നേരത്തേ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് അന്വേഷണസംഘം തെളിവെടുത്തിരുന്നു. വീടിന് മുന്നിലെത്തിയ സൂരജിനോട് ഉത്രയുടെ അമ്മ മണിമേഖല വൈകാരികമായാണ് പ്രതികരിച്ചത്. വീടിന് പിന്നിലുള്ള പഴയ കുടുംബ വീട്ടില്‍നിന്നും പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെടുത്തു. അന്വേഷണത്തില്‍ ഉത്രയുടെ പിതാവ് വിജയസേനന്‍ പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചു.

അതേസമയം സൂരജിനും കുടുംബത്തിനുമെതിരെ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഉത്രയുടെ ഒന്നരവയസുകാരനായ മകനെ ഭര്‍തൃവീട്ടില്‍ നിന്നും ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാനും ഉത്തരവായി.

Share this story