സംസ്ഥാനത്തെ 9 പ്രദേശങ്ങൾ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ

സംസ്ഥാനത്തെ 9 പ്രദേശങ്ങൾ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ

സംസ്ഥാനത്ത് ഇന്ന് ഒൻപത് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളാക്കി. കണ്ണൂർ ജില്ലയിലെ ചെറുപുഴ, ചെറുകുന്ന്, കാസർഗോഡ് ജില്ലയിലെ വോർക്കാടി, മീഞ്ച, മംഗൽപാടി, കോട്ടയം ജില്ലയിലെ പായിപ്പാട്, പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി, മണ്ണാർക്കാട് മുൻസിപ്പാലിറ്റി, ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ. നിലവിൽ ആകെ 68 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.

ഇന്ന് 67 പേർക്കാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പാലക്കാട് ജില്ലക്കാരായ 29 പേരും കണ്ണൂർ ജില്ലക്കാരായ എട്ട് പേരും കോട്ടയം ജില്ലക്കാരായ ആറ് പേരും, മലപ്പുറം, എറണാകുളം ജില്ലക്കാരായ അഞ്ച് വീതവും തൃശൂർ, കൊല്ലം ജില്ലക്കാരായ നാല് വീതവും കാസർഗോഡ്, ആലപ്പുഴ ജില്ലക്കാരായ മൂന്ന് പേർ വീതവും ഉൾപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

963 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 415 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. ഒരുലക്ഷത്തി നാലായിരത്തി മുന്നൂറ്റി മുപ്പത്താറ് പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി ഇരുപത്തിയെട്ട് പേർ വീടുകളിലോ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലോ ആണ്. 808 പേരാണ് ആശുപത്രികളിലുള്ളത്. ഇന്ന് 186 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇതുവരെ 56704 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 54836 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽപ്പെട്ട 8599 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 8174 സാമ്പിളുകൾ നെഗറ്റീവായതായും മുഖ്യമന്ത്രി പറഞ്ഞു.

Share this story