ഗുണ്ടാ പിരിവ് നിരസിച്ചത് സെറ്റ് തകർക്കാൻ പ്രകോപനമായി; മതവികാരം പറഞ്ഞാൽ ആളുകളുടെ പിന്തുണയുണ്ടാകുമെന്ന് കരുതി: കാരി രതീഷ്

ഗുണ്ടാ പിരിവ് നിരസിച്ചത് സെറ്റ് തകർക്കാൻ പ്രകോപനമായി; മതവികാരം പറഞ്ഞാൽ ആളുകളുടെ പിന്തുണയുണ്ടാകുമെന്ന് കരുതി: കാരി രതീഷ്

മിന്നൽ മുരളിയുടെ സെറ്റ് തകർത്തത് ഗുണ്ടാ പിരിവ് നിരസിച്ചതിനുള്ള പ്രകോപനമെന്ന് അറസ്റ്റിലായ പ്രതി കാരി രതീഷ്. മതവികാരം പറഞ്ഞാൽ കൂടുതൽ ആളുകളുടെ പിന്തുണയുണ്ടാകുമെന്ന് കരുതിയെന്നാണ് മൊഴി. അണിയറ പ്രവർത്തകരോട് പണം ആവശ്യപ്പെട്ടിരുന്നു. അത് നൽകാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് സെറ്റ് പൊളിക്കാൻ തീരുമാനിച്ചതെന്നും ഇയാൾ മൊഴി നൽകിയെന്ന് പൊലീസ് പറയുന്നു.

മുഖ്യപ്രതിയായ മലയാറ്റൂർ സ്വദേശി രതീഷ് (കാരി രതീഷ്) എന്നറിയപ്പെടുന്ന രാഷ്ട്രീയ ബജ്റംഗ്ദൾ സംഘടനയുടെ ജില്ലാ വിഭാഗ് പ്രസിഡൻ്റ് അങ്കമാലിയിൽ വച്ച് ഇന്നലെയാണ് അറസ്റ്റിലായത്. വിവിധ സിനിമാ സംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മറ്റൊരാളെ കൂടി സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം.

ആദ്യം കണ്ടാലറിയാവുന്ന നാലു പേർക്കെതിരെയായിരുന്നു കേസ്. എന്നാൽ, പതിനൊന്നു പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ച് വർഗീയ പ്രചാരണം നടത്തിയവരും ഉൾപ്പെടെയുള്ളവർ കുടുങ്ങും. ഇവർക്കെയ്തിരെ കടുത്ത വകുപ്പുകൾ ചുമത്താനും തീരുമാനിച്ചു. മത സ്പർദ്ധ വളർത്താനുള്ള ബോധപൂർവമായ ശ്രമം, കലാപശ്രമം, ആസൂത്രിതമായി സംഘം ചേരൽ, മോഷണം തുടങ്ങിയ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തും എന്ന് പൊലീസ് അറിയിച്ചു.

ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി സിനിമാ സെറ്റ് കഴിഞ്ഞ ദിവസമാണ് തകര്‍ത്തത്. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകര്‍ത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നില്‍ ആണെന്നാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആരോപണം. എഎച്ച്പി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വിശദീകരിച്ചത്.

Share this story